Thamarassery

കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

താമരശ്ശേരി: കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകന്‍ കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി വട്ടപ്പാറയില്‍ വി ടി മിനീഷിനെ വെള്ളിയാഴ്ചയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ബന്ധു വീട്ടിലെത്തിച്ചും സ്‌കൂളിലെ സ്പോര്‍ട് മുറിയില്‍ വെച്ചും പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ മൊഴി നല്‍കിയിരുന്നു. അധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. പരിശീലനത്തിനിടെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടയെല്ല് ചവിട്ടി ഒടിച്ചുവെന്നും കാണിച്ച് മൈക്കാവ് സ്വദേശിനിയായ പത്താം ക്ലാസുകാരി താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാര്‍ച്ച് 19 നായിരുന്നു സംഭവം. കാല്‍വേദനയെ തുടര്‍ന്ന് പരിശീലന സമയത്ത് നേരെ നടക്കാന്‍ പറ്റിയില്ലെന്നും ഇതിന്റെ പേരില്‍ സ്പോട്സ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

അരയുടെ ഭാഗത്തായി തുടയെല്ല് പൊട്ടിയ വിദ്യാര്‍ത്ഥിനി പിറ്റേ ദിവസം രാവിലെ വരെ വേദനയില്‍ പുളഞ്ഞെങ്കിലും ചികിത്സ നല്‍കാന്‍ പോലും അധ്യാപകന്‍ തയ്യാറായില്ല. വെള്ളം പോലും നല്‍കരുതെന്നാണ് കൂടെയുള്ളവര്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കിയത്. പിറ്റേദിവസം രക്ഷിതാക്കളെത്തി ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. വീണ് പരുക്കേറ്റെന്ന് വീട്ടില്‍ പറയണമെന്നാണ് അധ്യാപകന്‍ നിര്‍ദേശിച്ചത്. ക്രൂരമായി മര്‍ദ്ദിക്കുന്ന ഇയാളെ പേടിച്ച് ആരും സത്യം തുറന്നു പറഞ്ഞില്ല. കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് പരുക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ മാതാവിനെ വിളിച്ച് അക്രമ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകന്‍ ചെരുപ്പിട്ട് ചവിട്ടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി തുറന്നു പറഞ്ഞത്.

നാല് മാസത്തോളമായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് ഇപ്പോഴും പര സഹായമില്ലാതെ എഴുനേറ്റ് നില്‍ക്കാന്‍ പോവും കഴിയില്ല. നിത്യ വൃത്തിക്ക് പോലും പ്രയാസപ്പെടുന്ന കുടുംബത്തിന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. മകളുടെ കായിക സ്വപ്നങ്ങള്‍ തകര്‍ത്ത വി ടി മിനീഷിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയൊരു വിദ്യാര്‍ത്ഥിനിക്കും ഇത്തരമൊരു ദുരവസ്ഥ വരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്.

Related Articles

Leave a Reply

Back to top button