Kerala

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും : മന്ത്രി മുഹമ്മദ് റിയാസ്

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു തുരങ്കമാകും തുറക്കുക. ഇതിന് ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുക.

ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചിയാവസ്ഥയിലും മന്ത്രി പ്രതികരിച്ചു. ആകെ 1781 കിലോമീറ്റർ ആണ് സംസ്ഥാനത്ത് ദേശീയ പാത ഉള്ളത്. ഇതിൽ 1231 കിലോമീറ്ററും ദേശീയ പാത അതോറിറ്റിക്ക് കീഴിലാണ്. അറ്റകുറ്റപണികൾക്ക് അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് പരിഹാരം കാണുമെന്നും വകുപ്പുകൾ സംയുക്തമായി പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി ഫണ്ട് ഉപയോഗിച്ചുളള റോഡ് നിർമ്മാണം വൈകുന്നതായുള്ള പരാതിയിലും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ചതായി മന്ത്രി അറിയിച്ചു.

ദേശീയപാത 544ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ്. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. ഈ തുരങ്കപാതയാണ് ഇപ്പോൾ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ഉദ്ദേശിക്കുന്നത്.

നേരത്തെ കുതിരാൻ തുരങ്ക പാതയ്ക്ക് അഗ്‌നിശമനസേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങൾ തൃപ്തികരമെന്ന് അഗ്‌നിശമനസേന അറിയിച്ചു. തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കാർബൺ മോണോക്‌സൈഡ് നീക്കാൻ പ്രത്യേക ഫാനുകൾ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നി ബാധ ഉണ്ടായാൽ അണയ്ക്കാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാണെന്നാണ് അഗ്‌നിശമന സേനയുടെ വിലയിരുത്തൽ. തീ അണയ്ക്കാൻ രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തിൽ ഉള്ളത്. ഫയർ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button