Mukkam

മുക്കം ഭാഗങ്ങളിലും പെട്രോൾ പമ്പുകളിലും മോഷണം പതിവാക്കിയ നൂറോളം കവർച്ചാക്കേസുകളിൽ പ്രതിയുമായ മോഷ്ടാവ് പിടിയിലായി

മഞ്ചേരി- പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കുകയും നൂറോളം കവർച്ചാക്കേസുകളിൽ പ്രതിയുമായ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുൾ റഷീദി (47) നെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വള്ളുവമ്പ്രത്തെ പെട്രോൾ പമ്പിൽനിന്നും കഴിഞ്ഞ മാസം ഒന്നാം തിയ്യതി രാത്രി അഞ്ച് ലക്ഷത്തോളം രൂപ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് അറസ്റ്റ്. വിവിധ പ്രദേശങ്ങളിൽ നടന്ന കവർച്ചാ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ജൂൺ അഞ്ചിന് ജയിലിൽനിന്നും പുറത്തിറങ്ങിയതാണ്. തുടർന്ന് കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും ഒരു സ്‌കൂട്ടർ മോഷ്ടിച്ച് അതിൽ കറങ്ങി നടന്ന് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിക്കുകയും രാത്രി കാലങ്ങളിൽ അവിടെ എത്തി മോഷണം നടത്തുകയും ചെയ്യുകയാണ് പ്രതിയുടെ രീതി. വള്ളുവമ്പ്രത്ത് കഴിഞ്ഞ ജൂലൈ ഒന്നാം തിയ്യതി രാത്രിയോടെ എത്തിയ പ്രതി ജീവനക്കാർ ഉറങ്ങിക്കടന്ന മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം പെട്രോൾ പമ്പ് ഓഫീസിന്റെ ചില്ലു വാതിൽ തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. മോഷണം നടത്തിയത് അബ്ദുൽ റഷീദാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്ന പ്രതിയെ ഇന്നലെ പുലർച്ചെ മഞ്ചേരിയിൽ സംശയാസ്പദമായ നിലയിൽ കാണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് ഇയാളുടെ ഭാര്യ വീട്. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈൽ നമ്പർ മാറ്റുക പതിവായിരുന്നു. ജില്ലക്കകത്തും പുറത്തുമായി നൂറിലധികം കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷണം നടത്തുന്ന രീതിയായിരുന്നു ആദ്യം. പെട്രോൾ പമ്പ് കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് പിന്നീട് ചുവട് മാറ്റുകയായിരുന്നു. കഴിഞ്ഞ 30 ലേറെ വർഷമായി ഇയാൾ മോഷണം തൊഴിലാക്കിയതായി പോലീസ് പറഞ്ഞു. മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകൾക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി

Related Articles

Leave a Reply

Back to top button