അശാസ്ത്രീയമായ അടച്ചു പൂട്ടലിനെതിരെ റിലേ നിരാഹാരസമരം

മുക്കം: ശനിയും ഞായറും പൂർണമായും അടച്ചിട്ട ഭരണകൂടത്തിന്റെ അശാസ്ത്രീയ നടപടി വ്യാപാരികളോടുള്ള ക്രൂരതയാണെന്നും ഒരുതരത്തിലുമുള്ള നീതീകരണം ഇല്ലാത്തതാണെന്നും മുക്കം മുനിസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി ആരോപിച്ചു.ഇതിനെതിരെ നാളെ മുതൽ റിലേ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം.
കൊറോണക്കാലത്ത് വലിയ നഷ്ടം സംഭവിച്ച വ്യാപാരി സമൂഹം ലോക്ക്ഡൗണിലെ പ്രതിസന്ധികൾ മുറിച്ച് കടക്കവേ അവിചാരിതവും അതിലേറെ അനാവശ്യമായി മുക്കത്ത് പ്രഖ്യാപിച്ച അടച്ചുപൂട്ടൽ മുക്കത്തെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അടച്ചുപൂട്ടൽ കൊണ്ട് ഉണ്ടാക്കിയ നഷ്ടം നാല് കോടിയിലധികമാണ്.
അശാസ്ത്രീയമായ ഇത്തരം നടപടികൾ തുടർന്നുണ്ടാകുമ്പോൾ നോക്കിനിൽക്കാനാവില്ല, അങ്ങാടി അടച്ചുപൂട്ടേണ്ടത്ര കോവിഡ് രോഗികൾ മുക്കം വാർഡിൽ ഇല്ല എന്നിരിക്കെ എന്തിനു വേണ്ടിയായിരുന്നു ഈ അടച്ചുപൂട്ടൽ. മുക്കം അങ്ങാടി എന്നത് കേവലം പതിനാലാം ഡിവിഷൻ മാത്രമല്ലെന്നും മലയോര മേഖലയുടെ സിരാകേന്ദ്രം കൂടിയാണെന്നും പറ്റിയ തെറ്റുകൾ പരിഹരിച്ച് ഇന്നുതന്നെ പരിഹാരമുണ്ടായില്ലെങ്കിൽ നാളെമുതൽ റിലേ നിരാഹാരം തുടങ്ങുമെന്നും വേണു കല്ലുരുട്ടി അറിയിച്ചു.







