‘സ്നേഹാദരം, നൊസ്റ്റാൾജിയ -2021’ പ്രോഗ്രാമുകളുമായി പുല്ലൂരാംപാറ ഹൈസ്കൂൾ

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, അധ്യാപക ദിനത്തിൽ ‘സ്നേഹാദരം -2021’ ൻ്റെ ഭാഗമായി വിവിധ മേഖലകളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വാധ്യാപകരെ ഭവനങ്ങളിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം ആദരിച്ചു. പാഠ്യ പാഠ്യേതര മേഖലകളിൽ മികവാർന്ന പദ്ധതികൾ നടപ്പിലാക്കി ക്കൊണ്ട് സ്കൂളിനെ വളർച്ചയുടെ പടവുകളിലേക്ക് കൈ പിടിച്ചു നയിച്ച മുൻ പ്രധാനാധ്യാപിക വി. എസ് അന്നക്കുട്ടി ടീച്ചർ, കായിക മേഖലയിൽ കുട്ടികളെ വിവിധങ്ങളായ ഇനങ്ങളിൽ നേട്ടങ്ങളുടെയും വിജയങ്ങളുടെയും സുവർണ്ണ ശോഭയിലേക്കു നയിച്ചുകൊണ്ട് നിരവധി വർഷങ്ങളോളം സ്കൂൾ കായികരംഗത്തിന് നേതൃത്വം നൽകിയ സി. കെ ദേവസ്യ മാസ്റ്റർ, സംഗീത, ചലച്ചിത്ര മേഖല കളിലും നാടൻ കലകളിലും വ്യക്തി മുദ്ര പതിപ്പിച്ച എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരെയാണ് ഭവനങ്ങളിൽ എത്തി ആദരിച്ചത്.
സേവനത്തിൽ നിന്നു വിരമിച്ച്, വിശ്രമ ജീവിതം നയിക്കുന്ന മുൻകാല അധ്യാപകരെയും അനധ്യാപകരെയും ‘നൊസ്റ്റാൾജിയ-2021 ‘ ഓൺലൈൻ പ്രോഗ്രാമിൽ ആദരിച്ചു. അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. താമരശ്ശേരി വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീമതി. ജ്യോതി ഭായി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും അധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ അസി. മാനേജർ റവ. ഫാ. മെൽബിൻ കുടിയിരിക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻറ് ജോസുകുട്ടി നീണ്ടുകുന്നേൽ, പ്രിൻസിപ്പൽ ആൻറണി കെ .ജെ, ഹെഡ്മാസ്റ്റർ ജോളി ഉണ്ണി യെപ്പിള്ളിൽ, പി ടി എ വൈസ് പ്രസിഡൻറ് അജു എമ്മാനുവേൽ, മുൻകാല അധ്യാപകരായ വി. എസ് അന്നക്കുട്ടി, സി. കെ ദേവസ്യ, എൻ ഉണ്ണികൃഷ്ണൻ, കെ പി ജോസ്, ടി ടി തോമസ്, മേഴ്സി മൈക്കിൾ, സിറിയക് മണലോടി, ടോമി സിറിയക്, വി .ഡി സേവ്യർ, എൻ സി മേഴ്സി, ഇ എം ആഗസ്തി, ലിസാമ്മ ചെറിയാൻ തുടങ്ങിയവരും സർവീസിലുള്ള അധ്യാപകരായബീന പോൾ, റെജി സെബാസ്റ്റ്യൻ, ജോസഫ് ജോർജ്, ജൂബിൻ അഗസ്റ്റിൻ, ഷിനോജ് സി. ജെ, ഡോണ ട്രീസ എന്നിവരും പ്രസംഗിച്ചു.
തങ്ങളെ ഓർമ്മിച്ചതിലും പഴയ സഹപ്രവർത്തകരെ വളരെ നാളുകൾക്കു ശേഷം ഓൺലൈനിൽ ആണെങ്കിലും ഒരുമിച്ച് കാണാൻ അവസരം ഒരുക്കിയതിലും പൂർവ്വാദ്ധ്യാപകർ തങ്ങളുടെ സന്തോഷം ഹൃദയപൂർവ്വം പ്രകടിപ്പിച്ചു. പൂർവ്വാദ്ധ്യാപകർ അവതരിപ്പിച്ച ഗാനങ്ങൾ അടക്കമുള്ള കലാപരിപാടികൾ പരിപാടിയെ ഏറെ ആസ്വാദ്യകരമാക്കി മാറ്റി.







