മലയോരത്തിന്റെ കരുത്തിന് വീണ്ടും അംഗീകരം

മികച്ച സ്‌കൂളിനുള്ള ജി.വി. രാജ സ്‌പോർട്‌സ് പുരസ്‌കാരം പുല്ലൂരാംപാറ സ്‌കൂളിന്
പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് സ്‌കൂൾ മൈതാനത്ത് പരിശീലനം നടത്തുന്ന കുട്ടികൾ
തിരുവമ്പാടി: മലയോരത്തിന്റെ കായികമികവിനുള്ള അംഗീകാരമായി പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിന് വീണ്ടും ജി.വി. രാജ പുരസ്‌കാരം.ഇത് രണ്ടാം തവണയാണ് മികച്ച സ്‌കൂളിനുള്ള അംഗീകാരം പുല്ലൂരാപാറയിലെത്തുന്നത്.നാല് വർഷം മുമ്പാണ് ഇതിന് മുമ്പ് പുല്ലൂരാംപാറ സ്‌കൂളിന് ജി.വി. രാജ പുരസ്‌കാരം ലഭിക്കുന്നത്.ഈ വർഷത്തെ സ്‌കൂൾ കായികമേളയിൽ സ്‌കൂളിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.2017-ൽ നേടിയ രണ്ടാം സ്ഥാനമാണ് സ്‌കൂളിന്റെ ഇതുവരെയുള്ള മികച്ച നേട്ടം.
2003-ൽ തുടങ്ങിയ മലബാർ സ്‌പോർട്‌സ് അക്കാദമിയുടെ കരുത്തിലാണ് പുല്ലൂരാംപാറ സ്‌കൂൾ കുതിപ്പ് തുടങ്ങിയത്.പുല്ലൂരാംപാറ സ്‌കൂളും മലബാർ സ്‌പോർട്‌സ് അക്കാദമിയും ചേർന്ന കുട്ടുകെട്ട് അപർണ റോയ് ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ താരങ്ങളുടെ പിറവിക്ക് വഴിയൊരുക്കി.പ്രധാനമായി അത്‌ലറ്റിക്‌സിലാണ് സ്‌കൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.സ്വന്തമായി ഇൻഡോർ സ്‌റ്റേഡിയമുള്ളതിനാൽ വോളിബോളിലും മികച്ച നേട്ടം കൈവരിക്കാനായി.ഇപ്പോൾ വെയ്റ്റ് ലിഫ്റ്റിങ്ങിലും കുട്ടികൾ നേട്ടം കൊയ്യുന്നു.
അറുപതിലധികം കുട്ടികൾ ഇപ്പോൾ മൂന്നിനങ്ങളിലുമായി പരിശീലനം തേടുന്നുണ്ട്.ഏറെയും പെൺകുട്ടികളാണെന്ന സവിശേഷതയും സ്‌കൂളിനുണ്ട്.പെൺകരുത്തിലാണ് ഈ വർഷമുൾപ്പെടെ സ്‌കൂൾ നേട്ടം കൊയ്തത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഏറെയും കായികരംഗത്തേക്ക് കടന്നുവരുന്നത്.ഇവരെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരാനായതുതന്നെയാണ് സ്‌കൂളിന്റെ വിജയം.
ജോളി തോമസാണ് സ്‌കൂളിലെ കായികാധ്യാപിക.ടോമി ചെറിയാൻ, സി.കെ. സത്യൻ, ധനൂപ് ഗോപി, സുനിൽ ജോൺ, മനോജ് എന്നിവരാണ് അക്കാദമിയുടെ പരിശീലകർ.







