ഭാര്യവീട്ടിലേക്കു പോകവെ അവിഹിത ബന്ധം ആരോപിച്ചു മർദനം; സദാചാര ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

മുക്കം: കൊടിയത്തൂർ കാരാട്ട് ഭാഗത്ത് സദാചാരഗുണ്ടാ ആക്രമണം. പന്നിക്കോട് കാരാളിപറമ്പ് സ്വദേശി ആര്യംപറമ്പത്ത് ഷൗക്കത്തിന് പരുക്കേറ്റു.10 വർഷം മുമ്പ് സദാചാര ഗുണ്ടാ ആക്രമണത്തിൽ ഷഹീദ് ബാവയെ കൊലപ്പെടുത്തിയതിനു സമീപമാണ് ഇത്തവണയും ആക്രമണം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ന് കാരാട്ടെ ഭാര്യവീട്ടിലേക്കു പോകവെയാണ് ഷൗക്കത്തിനു നേരെ ആക്രമണം.
പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. അവിഹിത ബന്ധം ആരോപിച്ചും ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞും ആയിരുന്നു മർദനമെന്ന് ഷൗക്കത്ത് പറഞ്ഞു. അടിച്ചു നിലത്തിട്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി പരുക്കേൽപിച്ചു. മൊബൈൽ ഫോണുകൾ എടുത്തെറിഞ്ഞു.
രക്ഷപ്പെടാൻ വേണ്ടി വാഹനം ഉപേക്ഷിച്ച് ഭാര്യവീട്ടിലേക്ക് ഓടുകയായിരുന്നു. പിന്നീട് ആളുകളുമായി എത്തിയാണ് വാഹനം എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഷൗക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2011 നവംബർ 9ന് ആയിരുന്നു ഏതാണ്ട് ഇതേ ഭാഗത്ത് വച്ച് ഷഹീദ് ബാവയെ സദാചാര ഗുണ്ടകൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.






