എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം

മുക്കം :കോടികൾ ചെലവഴിച്ച് എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. പ്രളയത്തെ തുടർന്നും കാലപ്പഴക്കം കാരണവും പാലത്തിനു ബലക്ഷയമുണ്ട്. റോഡിന് ആനുപാതികമായി പാലത്തിനു വീതിയില്ലാത്തതും പാലത്തിൽ നടപ്പാത സൗകര്യമില്ലാത്തതും യാത്രാക്ലേശത്തിനു കാരണമാകുന്നു.
സംസ്ഥാന പാത വികസനത്തിനൊപ്പം അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡ് വികസനവും യാഥാർഥ്യമാകുന്നതോടെ ഭാവിയിൽ പാലത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമാകാനാണു സാധ്യത. ഇതു കണക്കിലെടുത്തു മുക്കം പാലം പുതുക്കിപ്പണിയുകയോ സമീപത്തു പുതിയ പാലം നിർമിക്കുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം കോഴിക്കോട് – മലപ്പുറം ജില്ലകളെയും ബന്ധിപ്പിക്കുന്നു. മലയോര മേഖലയിലുള്ളവരും വയനാട് ജില്ലയിലുള്ളവരും കരിപ്പൂർ വിമാനത്താവളം ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കു പോകാൻ ആശ്രയിക്കുന്ന എളുപ്പ വഴി കൂടിയാണു മുക്കം പാലം ഉൾപ്പെടുന്ന പാത.






