Kodanchery

തെയ്യപ്പാറയിൽ ഇൻഫാം വനിതാ വിങ്ങ് ഫുഡ് കോർട്ട് ആരംഭിച്ചു

കോടഞ്ചേരി: താമരശ്ശേരി കാർഷിക ജില്ല ഇൻഫാം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറ സെന്റ് തോമസ് ദേവാലയാങ്കണത്തിൽ “വീവ അഗ്രി ആൻഡ് ഫുട് കോർട്ട്” എന്ന വനിതകളുടെ കൂട്ടായ സംരംഭം ആരംഭിച്ചു. ഇൻഫാം തെയ്യപ്പാറ കാർഷിക ഗ്രാമം സെക്രട്ടറി റെജി പേഴത്തിങ്കലിന് ആദ്യ വില്പന നടത്തിക്കൊണ്ട് ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ കോർട്ട് ഉദ്ഘാടനം നിർവഹിച്ചു.

ഇൻഫാം താമരശ്ശേരി കാർഷിക ജില്ല പ്രസിഡൻറ് അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഇൻഫാം വനിതാ വിങ്ങ് പ്രസിഡന്റ് റീന പനയ്ക്കൽ, ഷീന ജോജു, ജിജി കണിയാംമാട്ടേൽ, ഡോളി തേന്മല, അമ്മിണി വള്ളിയാംപൊയ്കയിൽ, ഇൻഫാം തെയ്യപ്പാറ കാർഷിക ഗ്രാമം പ്രസിഡണ്ട് റോയ് നെടുമ്പള്ളി, ജോസ് തേന്മല എന്നിവർ നേതൃത്വം നൽകി.

താമരശ്ശേരി കാർഷിക ജില്ല ഇൻഫാമിന്റെ നേതൃത്വത്തിലുള്ള ആദ്യ സംരംഭമാണ് തെയ്യപ്പാറയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. വീവാ ഫുഡ് കോർട്ട് ഓർഡർ സ്വീകരിച്ച് ചായയും മധുരപലഹാരങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി കൊടുക്കും. കൂടാതെ കേക്ക് നിർമ്മാണം, കറി പൗഡറുകളുടെയും മസാല പൊടികളുടെയും നിർമ്മാണം, അരിപ്പൊടി പുട്ടുപൊടി എന്നിവയുടെ നിർമ്മാണവും വിതരണവും വിവാ ഫുഡ് കോർട്ടിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെടും.

14 വനിതകൾ കൂടി ചേർന്ന് ആരംഭിച്ച സംരംഭം നാടിനും നാട്ടുകാർക്കും വലിയൊരു സഹായവും ഒപ്പം വനിതകൾക്ക് ഒരു വരുമാനമാർഗ്ഗവുമാണ്. ഇത്തരത്തിൽ രൂപതയിലെ എല്ലാ കാർഷിക ഗ്രാമങ്ങളിലും യൂണിറ്റുകൾ തുടങ്ങാനാണ് ഇൻഫാം ആഗ്രഹിക്കുന്നതെന്ന് ഇൻഫാം താമരശ്ശേരി കാർഷിക ജില്ലാ പ്രസിഡണ്ട് അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ അഭിപ്രായപ്പെട്ടു.

ഗ്രാമത്തിലെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾ, അച്ചാറുകൾ, കോഴിമുട്ട, നെയ്യ്, മറ്റ് മധുര പലഹാരങ്ങൾ എന്നിവ ആഴ്ച തോറും പള്ളിയങ്കണത്തിലെ സ്റ്റാളിൽ വിൽക്കാനാണ് വനിതാ സംഘം പദ്ധതിയിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button