Thiruvambady

ഫാം ടൂറിസം പദ്ധതി; ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫാമുകൾ സന്ദർശിച്ചു

തിരുവമ്പാടി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മലയോര മേഖലയിലെ ജൈവ ഈറ്റില്ലമായ സ്ഥലങ്ങളും പ്രകൃതിമനോഹാരിതകൊണ്ട് അനുഗ്രഹീതമായ പ്രദേശങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.

കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വിവിധ കൃഷിത്തോട്ടങ്ങളാണ് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുകയും കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തത്.

വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ, ജാതിഗ്രാമമായ പുവാറൻതോട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. കുളിർമയാർന്ന കാലാവസ്ഥയും നാടനും മറുനാടനുമായ വിവിധയിനം പഴവർഗങ്ങൾ, ഏലം, ഗ്രാമ്പു, ജാതി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, കൊക്കോ, കാപ്പി തുടങ്ങിയ വൈവിധ്യമാർന്ന കാർഷിക വിളകൾ എന്നിവയെല്ലാം ഫാം ടൂറിസത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങൾ, കണ്ണെത്താദൂരത്താളം വെൺമയാർന്ന പൂക്കൾകൊണ്ടലങ്കാരമായ കാപ്പിത്തോട്ടങ്ങൾ തുടങ്ങിയവ സന്ദർശകരുടെ മനംകവരുന്നതാണ്. കക്കാടംപൊയിൽ അകമ്പുഴ കേന്ദ്രീകരിച്ച് എവർ വില്ലേജ് പദ്ധതി അടുത്ത വർഷം നടപ്പാക്കുന്ന വിവരം കൃഷി ഓഫീസർ സംഘത്തെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലേഖ, ഓമശ്ശേരി, കൂടരഞ്ഞി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button