കസ്തൂരിരംഗൻ റിപ്പോർട്ട്; എൽ.ഡി.എഫ് സർക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കണം; കോൺഗ്രസ്

തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൊടുത്തിട്ടുള്ള ശുപാർശ പൊതുജനങ്ങളെ സുതാര്യമായി അറിയിക്കാൻ തയ്യാറാവണം.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതെ വിഷയം പരിഹരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി ഉമ്മൻ കമ്മീഷനെ ചുമതലപ്പെടുത്തുകയും പൊതുജനങ്ങളുടെയും കർഷകരുടെയും താൽപര്യങ്ങൾ പരിഗണിച്ച്, കേരളത്തിലെ എല്ലാ വില്ലേജുകളിലെയും ജനവാസ മേഖലകൾ നിയന്ത്രണ പരിധിയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് കൊടുക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോർട്ട് അന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ ഈ ജനപക്ഷനയം അട്ടിമറിച്ച് 2018 ൽ ഈ കാര്യത്തിൽ പുതിയ ശുപാർശ കേന്ദ്ര മന്ത്രാലയത്തിന് കൊടുത്തു ഇത് പ്രകാരം റിപ്പോർട്ടിൽ ഉൾപ്പെട്ട 123 വില്ലേജുകൾ 92 ആക്കി കുറച്ചു. പ്രത്യേക താൽപര്യങ്ങുടെ പേരിൽ 31 വില്ലേജുകളെ ഒഴിവാക്കുകയും, അതിന്റെ ഫലമായി ESA മേഖലയുടെ അളവിൽ കുറവ് വന്നത് പരിഹരിക്കാൻ ബാക്കി യുള്ള 92 വില്ലേജിൽ ഉള്ള ജനവാസ കേന്ദ്രങ്ങൾ ESA ക്ക് വിട്ടു കൊടുക്കുകയാണ് ഉണ്ടായത്.
വിവേചനപരമായ അട്ടിമറി നടത്തി ജനങ്ങളോട് അനീതി കാണിക്കുന്ന സർക്കാർ ഈ നിലപാട് തിരുത്തി 123 വില്ലേജിലേയും ജനവാസ മേഖലകൾ നിയന്തണമേഖലയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് കൊടുക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ഈ വിഷയത്തിലുള്ള ആശങ്ക തീർക്കാൻ സർക്കാർ അടിയന്തിരമായി ഒളിച്ചുകളി അവസാനിപ്പിച്ച് സുതാര്യമായി വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറണം. തിരുവമ്പാടി എം.എൽ.എ ഈ പ്രശ്നത്തിൽ ഇടപെട്ട് മലയോര മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുവാൻ വേണ്ട ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മില്ലി മോഹൻ, ടി ജെ കുര്യാച്ചൻ , മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർ മണ്ണിൽ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ച പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു.







