തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ ഭവനത്തിന് ശിലാസ്ഥാപനം നടത്തി. കല്ലുരുട്ടിയിൽ കുമ്മായത്തൊട്ടിയിൽ റോബിൻ, ഗ്ലാഡിസ് ദമ്പതികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇൻഫന്റ് ജീസസ് സ്കൂളിലെതന്നെ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയായ പൂജ ജെനിലിന് ഭവനം നിർമ്മിക്കുന്നത്.
വീടിന്റെ ശിലാസ്ഥാപനം കല്ലുരുട്ടി പള്ളിവികാരി റവ. ഫാദർ തോമസ് ചിലമ്പികുന്നേൽ നിർവഹിച്ചു. ഇരുവൃക്കകളും തകരാറിലായ ജെനിലും 9 വയസ്സുള്ള ഏകമകൾ പൂജയും അംഗപരിമിതനായ ജെനിലിന്റെ പിതാവും മാത്രമടങ്ങിയ കുടുംബത്തിന് വേണ്ടിയാണ് ജൂബിലി ഭവന നിർമ്മാണം. കുട്ടിയുടെ പിറന്നാൾ ദിനത്തിൽ തന്നെ പിറന്നാൾ സമ്മാനമായി പുതിയ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ.
1996ൽ ആണ് ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചത്. ജൂബിലി നിറവിൽ ആയിരിക്കുമ്പോൾ ഏകദേശം നാനൂറോളം സ്കൗട്ട് ഗൈഡുകൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡിന് അർഹരായി സ്വദേശത്തും വിദേശത്തും ജോലിയും പഠനവുമായി കഴിയുന്നു. ഇപ്പോൾ മൂന്ന് സ്കൗട്ട് യൂണിറ്റ്, 3 ഗൈഡ് യൂണിറ്റുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഈ സ്നേഹ ഭവനത്തിന് ഏകദേശം 9 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സലോമി, സ്കൂൾ മാനേജർ സിസ്റ്റർ പവിത്ര റോസ്, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി റവന്യു ഡിസ്ട്രിക് കമ്മീഷണർ ശ്രീ വി ഡി സേവ്യർ, മുക്കം എൽ എ സെക്രട്ടറി ശ്രീ അബ്ദുൾ നാസർ, ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ മരിയ, സ്കൗട്ട് മാസ്റ്റർമാരായ സണ്ണി ടിവി, ജിൻസ് മാത്യു, പി ടി എ പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിൽ , എം പി ടി എ പ്രസിഡന്റ് ശ്രീമതി സീതാ മുരളി, സ്റ്റാഫ് സെക്രട്ടറി ശ്രീ ജിനു പി വി, ശ്രീ റോയി കുംബ്ലാട്ടുകുന്നേൽ, എൻജിനീയർ ദീപു തോമസ് അഴകത്ത്, പൂർവ്വ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളായ എയ്ബൽ എസ് മാത്യു, സ്റ്റിയ ബെന്നി എന്നിവരും, പ്രസ്ഥാനത്തിൽ നിലവിൽ പ്രവർത്തിക്കുന്ന റിയ ഫെബിൻ, ഹാദി മൊഹിയുദീൻ, ദേവനന്ദ, കൃഷ്ണ എസ് ചന്ദ്രൻ, റിച്ചാ എൽസ ജോണി, ആയുഷ് എ എം, ജെറോം വിൻസന്റ്, അതുൽ സത്യൻ എന്നിവരും നിരവധി രക്ഷകർത്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.







