ഫാം ടൂറിസം പദ്ധതി; ഏജൻസി അധികൃതർ സന്ദർശനം നടത്തി

കൂടരഞ്ഞി: ഫാം ടൂറിസത്തിനു പ്രതീക്ഷയേകി ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) സംസ്ഥാന കോഓർഡിനേറ്റർ ഡോ. ആശ കാമ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയോര മേഖല സന്ദർശിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും കർഷകരുമായി അവർ ചർച്ച നടത്തി. ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾക്കു പിന്തുണ വാഗ്ദാനം ചെയ്തു.
കൃഷിഭവന്റെ നേതൃത്വത്തിൽ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായുള്ള എഫ്ഐജി കൂട്ടായ്മ പൂവാറൻതോട് കല്ലംപുല്ലിൽ സംഘടിപ്പിച്ച നാടൻവിഭവങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും ഭക്ഷ്യ വിപണന മേള ആത്മ കോഓർഡിനേറ്റർ സന്ദർശിച്ചു. ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ, അപൂർവ ഇനം പുഷ്പങ്ങൾ, വ്യത്യസ്തമായ കൃഷിരീതികൾ, വിവിധ ഇനം വളർത്തു മൃഗങ്ങൾ, മത്സ്യബന്ധനം, ബോട്ട് സവാരി, ഹോം സ്റ്റേ തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഫാം ടൂറിസം പദ്ധതികളാണ് ചർച്ച ചെയ്തത്.
ആത്മ ജില്ലാ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ പി.ആർ.രമാദേവി, കൊടുവള്ളി കൃഷി അസി.ഡയറക്ടർ ലേഖ കാക്കനാട്ട്, കൂടരഞ്ഞി കൃഷി ഓഫിസർ പി.എം.മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, പഞ്ചായത്ത് പ്രസിഡന്റ് ജോസ്മോൻ മാവറ, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പഞ്ചായത്ത് അംഗം എൽസമ്മ ജോർജ്, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







