India

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു! അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി കെജരിവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുട്ടമറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെയാണ് ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വാക്‌പോര് മുറുകിയത്.

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം പരിഹസിച്ചാണ് ബിജെപി നേതാക്കള്‍ പ്രചാരണം തുടങ്ങിയത്. ഇതിനെ അതേ നാണയത്തില്‍ അരവിന്ദ് കെജരിവാള്‍ തിരിച്ചടിച്ചതോടെ തെരെഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു.

ഡല്‍ഹിയില്‍ സൗജന്യ വൈഫൈ കണ്ടെത്താന്‍ ശ്രമിച്ച തന്റെ ഫോണിന്റെ ബാറ്ററി തീര്‍ന്നെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. എന്നാല്‍ വൈഫൈ മാത്രമല്ല, ചാര്‍ജ് തീര്‍ന്നാല്‍ സൗജന്യമായി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ 200 യൂണിറ്റ് വൈദ്യുതിയുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. എഎപി സര്‍ക്കാര്‍ 200 യൂണിറ്റ് വൈദ്യുതിയാണ് ഓരോ കുടുംബത്തിനും സൗജന്യമായി അനുവദിച്ചിരിക്കുന്നതെന്നാണ് കെജരിവാള്‍ അമിത് ഷായ്ക്കുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഡല്‍ഹിയില്‍ 1.2 ലക്ഷം സിസിടിവി ക്യാമറകളും 1041 സര്‍ക്കാര്‍ സ്‌കൂളുകളും സ്ഥാപിക്കുമെന്ന ആംആദ്മി വാഗ്ദാനം പൊള്ളയാണെന്ന് അമിത് ഷാ ആരോപിച്ചു. കുറച്ച് ദിവസം മുന്‍പ് ഒരു ക്യാമറ പോലും സ്ഥാപിച്ചില്ലെന്നായിരുന്നല്ലോ താങ്കള്‍ പറഞ്ഞത്, ഇപ്പോള്‍ കുറച്ച് സിസിടിവി ക്യാമറകള്‍ എങ്കിലും കണ്ടല്ലോ അതില്‍ സന്തോഷമുണ്ടെന്നും കെജരിവാള്‍ അമിത് ഷായ്ക്ക് മറുപടി നല്‍കി.

ഡല്‍ഹിയിലെ ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് മാറിയത് കൊണ്ടാണ് ബിജെപിക്ക് ഇപ്പോള്‍ സിസിടിവിയുടേയും സ്‌കൂളുകളുടെയും കാര്യം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാമത്തെ തവണ ഭരണം നേടാനുള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Back to top button