അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം

തിരുവമ്പാടി: അഗസ്ത്യൻമൂഴി – തൊണ്ടിമ്മൽ –കൈതപ്പൊയിൽ റോഡരികിൽ അപകടക്കെണിയായി ഗർത്തം. മരക്കാട്ടുപുറത്തിനു സമീപമുള്ള പാണരുകണ്ടി പ്രദേശത്താണ് റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിന്റെ ടാറിങ്ങിനോട് ചേർന്നുള്ള ഗർത്തത്തിനു സമീപം പ്ലാസ്റ്റിക് റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കരാറുകാർ. തിരുവമ്പാടിക്കു വരുമ്പോൾ വളവു കഴിഞ്ഞ് ആണ് ഈ ഗർത്തം. വളവ് കഴിഞ്ഞുള്ള ഗർത്തം പെട്ടെന്ന് ശ്രദ്ധയിൽപെടാതെ വാഹനങ്ങൾ അപകടത്തിലാകുന്ന സാഹചര്യമാണ്. ഇന്നലെ വൈകുന്നേരം തിരുവമ്പാടിയിലേക്കു വന്ന കാർ കിടങ്ങിൽ വീഴാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർവശത്തെ കുഴിയിൽ ചാടി അപകടമുണ്ടായി.
റോഡിന്റെ ഈ ഭാഗത്ത് അടുത്തടുത്തായി 2 ഗർത്തങ്ങളാണുള്ളത്. ഈ ഭാഗത്ത് റോഡ് ടാറിങ് നടത്തിയിട്ടും ഗർത്തം അടയ്ക്കാനോ സംരക്ഷണ ഭിത്തി കെട്ടാനോ അധികൃതർ തയാറായില്ല. ഈ കാര്യത്തിൽ സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണ്. ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ 4 കോടിയിലേറെ രൂപ അനുവദിച്ച് പ്രവൃത്തി നടത്തുന്ന റോഡിനെക്കുറിച്ച് ധാരാളം പരാതികളാണ് ഉയരുന്നത്.
നിർമാണ കാലാവധി കഴിഞ്ഞ് രണ്ട് വർഷമായിട്ടും റോഡിന്റെ 50 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. തിരുവമ്പാടി പഞ്ചായത്തിൽ മാത്രമാണ് കുറേ ദൂരം ടാറിങ് നടത്തിയത്. കോടഞ്ചേരി പഞ്ചായത്തിൽ ഇനിയും പ്രവൃത്തി ആരംഭിക്കാത്ത പ്രദേശങ്ങൾ വരെയുണ്ട്. ടാറിങ് നടത്തിയ ഭാഗം പോലും സുരക്ഷിതമാക്കാൻ അധികൃതർക്ക് സാധിക്കാത്തതിൽ ജനങ്ങൾക്ക് ആശങ്കയുമുണ്ട്.







