ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു

മുക്കം : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്കീം) യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ബഷീർ സ്ക്വയർ എന്നപേരിൽ സ്മൃതിയിടം നിർമിക്കുന്നത്.
ഒരു ലക്ഷത്തിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്മൃതികേന്ദ്രത്തിന് ആവശ്യമായ തുക പൂർണമായും വിദ്യാർഥികൾതന്നെ സമാഹരിക്കും.
എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചാണ് ആവശ്യമായ തുക സമാഹരിക്കുക. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പ മരവും ബഷീർ സ്ക്വയറിൽ ഒരുക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്രവും അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളുടെ ചിത്രവും സ്മൃതികേന്ദ്രത്തിന്റെ ചുമരുകളെ ആകർഷകമാക്കും. പൂർവവിദ്യാർഥി മുർഷാദ് കാരാട്ടാണ് ബഷീർസ്ക്വയർ രൂപകല്പന ചെയ്തിരിക്കുന്നത്.