Kodanchery

കോടഞ്ചേരി സിഎച്ച്സിയിൽ ജലവിതരണം നിലച്ചു

കോടഞ്ചേരി: ജല അതോറിറ്റിയുടെ പൈപ്‌ലൈൻ വഴിയുള്ള ശുദ്ധജല വിതരണം നിലച്ചതോടെ സിഎച്ച്സിയിലും സമീപ പ്രദേശങ്ങളിലും ദുരിതം. ഇവിടങ്ങളിൽ ഏതാനും ദിവസമായി ജല അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളം എത്തുന്നില്ല. ഇതുമൂലം ഒട്ടേറെ കുടുംബങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. സിഎച്ച്സി കോളനിയിലെ ജലവിതരണം മുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു. സിഎച്ച്സിയിൽ വാഹനങ്ങളിൽ വെള്ളം എത്തിച്ച് മോട്ടർ ഉപയോഗിച്ച് ജലസംഭരണിയിലേക്ക് പമ്പ് ചെയ്തു.

സിഎച്ച്സിക്ക് മാത്രമായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കിണറും പമ്പ് ഹൗസും പൈപ്‌ലൈനും ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി ഈ പദ്ധതിയിലും ജലവിതരണം നടക്കുന്നില്ല. പമ്പ് ഹൗസിൽ നിന്ന് ആശുപത്രിയിലെ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്നതിനു സ്ഥാപിച്ച പൈപ്‌ലൈനുകൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നതാണ് പ്രശ്നം. ഈ പദ്ധതിക്ക് വേണ്ടി പുതിയ പൈപ്‌ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റിൽ 13 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് പൈപ്പുകളുടെ നിർമാണം ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി പറഞ്ഞു.

പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമാണം നടക്കുന്നതിനാൽ ഇടയ്ക്കിടെ പൈപ്പുകൾ പൊട്ടുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നും ഇന്നുതന്നെ സിഎച്ച്സിയിൽ വെള്ളം എത്തിക്കുന്നതിന് നടപടിയുണ്ടാകും എന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും അനാസ്ഥയ്ക്കും അവഗണനയ്ക്കും എതിരെ സമരത്തിനൊരുങ്ങുകയാണ് കോളനിവാസികൾ.

Related Articles

Leave a Reply

Back to top button