Karassery

സംസ്ഥാനപാത നവീകരണം; അപകടക്കെണിയായി കൊടും വളവുകൾ

കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത വീതികൂട്ടിയതോടെ കൊടുംവളവുകളിലെ അപകടസാധ്യത വർധിച്ചു. മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലെ ഏറ്റവുംവലിയ ഭീഷണി ഓടത്തെരുവു വളവിലാണ്.

മൂന്നു വർഷത്തിനിടെ ഇവിടെ അപകടത്തിൽ മരിച്ചത് അഞ്ചുപേരാണ്. ഈഭാഗം ടാറിങ് കഴിഞ്ഞതോടെ അപകടഭീഷണി വർധിച്ചു. ടാറിങ് കഴിഞ്ഞ പിറ്റേന്ന് രാത്രി കാർ 25 അടിയോളം താഴ്ചയിലേക്ക് വീണിരുന്നു. കാർ മറിയാതെ വീണതിനാൽ യാത്രക്കാരൻ രക്ഷപ്പെട്ടു.

ഒരുകിലോമീറ്റർ ദൂരത്തിൽ എട്ടുവളവുകൾ ചേർന്നതാണ് ഓടത്തെരുവ്. ഇതിൽ പകുതിദൂരം ഇരുഭാഗത്തുനിന്നും കുത്തനെ കയറ്റുവുമാണ്. റോഡിന്റെ ഒരു വശം 30 മീറ്റർവരെ ആഴംവരുന്ന കിഴുക്കാംതൂക്കായ കുന്നിൽചെരിവാണ്. ഇപ്പോൾ റോഡ് വീതികൂട്ടി ടാറിട്ടത് റോഡിന്റെ വശങ്ങളിൽവരെയെത്തി. ഇതിനുതാഴെ കൊക്കയാണ്. അടുത്തടുത്ത വളവും കയറ്റവും ഇറക്കവുമായതിനാൽ രാത്രി വാഹനമോടിക്കുന്നവർക്ക് റോഡിന്റെ അതിര് കാണാനാവില്ല. ഇതുമൂലം ഒട്ടേറെ വാഹനങ്ങൾ റോഡിൽനിന്ന് താഴേക്ക് വീണിട്ടുണ്ട്. ഓടത്തെരുവ് കയറ്റത്തിനു മുകളറ്റത്ത് റോഡിന്റെ ഇരുവശവും ആഴമേറിയ കൊക്കയാണ്.

വീതികുറഞ്ഞ ഇവിടെ ഇരുവശത്തും റോഡിന്റെ അരികുകൾവരെ ടാറിട്ടതിനാൽ റോഡിന് വശങ്ങൾ ബാക്കിയില്ല. ഇത് വലിയ അപകടഭീഷണി ഉയർത്തിയിരിക്കയാണ്. രാത്രി വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് റോഡ് കാണാനാവില്ല. ഇവിടെ റോഡിനുകുറുകെ ഒഴുകുന്ന തോടിന്റെ ഓവുപാലം വീതികൂട്ടിയിരുന്നെങ്കിൽ വളവ് കുറയുകയും റോഡ് വീതികൂടുകയും ചെയ്യുമായിരുന്നു. കാപ്പുമല, മുടൂര്, കാതിയോട് തുടങ്ങിയ വളവുകളും നിവർത്താത്തത് അപകടസാധ്യത വർധിപ്പിച്ചു.

Related Articles

Leave a Reply

Back to top button