ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷം രൂപ

മുക്കം : നിർധനവിദ്യാർഥികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമേകാൻ വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥി- അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷത്തോളം രൂപ.
സ്കൂൾ കേന്ദ്രീകരിച്ച് കഴിഞ്ഞ പത്തുവർഷത്തോളമായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്ന സ്നേഹ സാന്ത്വനത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പതിനായിരം
ബിരിയാണി നൂറുരൂപ നിരക്കിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പന്ത്രണ്ടായിരത്തോളം ബിരിയാണി പാക്കറ്റുകൾ വിൽക്കാനായി. രാഹുൽബ്രിഗേഡ്, എന്റെ മുക്കം സന്നദ്ധസേന, നോർത്ത് കാരശ്ശേരിയിലെ വോപ്പ, എന്റെ വിദ്യാലയം പൂർവ വിദ്യാർഥി സംഘടന, മണാശ്ശേരി എം.എ.എം.ഒ. കോളേജ് എൻ.എസ്.എസ്., ടി.ടി.ഐ., സ്കൂൾ പി.ടി.എ., ഓർഫനേജ് വനിതാകോളേജ്, ഓർഫനേജ് ഭാരവാഹികൾ, ഓർഫനേജ് വി.എച്ച്.എസ്.എസ്., ഹയർസെക്കൻഡറി തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും ചലഞ്ചിന് മുതൽക്കൂട്ടായി.
പ്രധാനാധ്യാപകൻ എൻ.കെ. മുഹമ്മദ് സലീം, പി. മുഹ് നുദീൻ, പി.കെ. ഇസ്മയിൽ, വി. നിസാർ, പി. ഹർഷൽ എന്നിവർ നേതൃത്വം നൽകി. നിർധനവിദ്യാർഥികൾക്കുള്ള വീട് നിർമാണം, ചികിത്സാസഹായം, പഠനസൗകര്യം ഒരുക്കൽ, സാമ്പത്തികസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്.






