സംസ്ഥാനപാതയിലെ കൊരുപ്പുകട്ടകൾ പുതുക്കം മാറുംമുമ്പേ പൊളിച്ചെടുത്തു

മുക്കം : വകുപ്പുകളുടെ ഏകോപനക്കുറവും മുൻധാരണകളില്ലാതെയുള്ള നിർമാണപ്രവൃത്തികളുംമൂലം പൊതുഖജനാവിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. രണ്ട് പ്രളയവും തുടർന്ന് കോവിഡ് വ്യാപനവുംമൂലം സർക്കാർ വലിയ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് ലക്ഷങ്ങളുടെ നഷ്ടം.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ റോഡ് തകരുന്നത് പതിവായ രണ്ടിടങ്ങളിലും മറ്റൊരിടത്തുമായി ഒന്നരവർഷംമുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് കൊരുപ്പുകട്ട പതിച്ചത്.
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഗോതമ്പ റോഡ്, കാരശ്ശേരി ജങ്ഷൻ എന്നിവിടങ്ങളിലും അഗസ്ത്യൻമുഴിയിലുമായി 40 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉദ്ഘാടനംകഴിഞ്ഞ്, പുതുക്കംമാറുംമുമ്പേ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മൂന്നിടങ്ങളിലെയും കട്ടകൾ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പുനരുപയോഗത്തിന് സാധ്യമാകാത്തവിധം പൊളിച്ചെടുക്കുകയായിരുന്നു.
മലയോരമേഖലയിലെ ക്വാറി-ക്രഷർ യൂണിറ്റുകളിൽനിന്ന് ടൺകണക്കിന് ഭാരവും വഹിച്ചുള്ള വാഹനങ്ങളുടെ സഞ്ചാരവും നീരുറവുമാണ് റോഡ് പൊളിയാൻ കാരണമെന്ന് പറഞ്ഞാണ് കാരശ്ശേരിയിലും ഗോതമ്പ റോഡിലും കട്ട പാകിയത്. ഇതിനുശേഷം ഇവിടെ റോഡ് പൊളിഞ്ഞിട്ടുമില്ലായിരുന്നു.
പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണത്തിനായി സർക്കാർ കൊണ്ടുവന്ന റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണത്തിന് കിലോമീറ്ററിന് നാലുകോടിയോളം രൂപയാണ് അനുവദിച്ചത്.
ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികളിലേക്ക് കടക്കുന്ന സമയത്താണ് മൂന്നിടങ്ങളിൽ കട്ടപാകിയത്. അതേസമയം, റോഡ് ഉയർത്തി പ്രവൃത്തി നടത്തേണ്ടതിനാലാണ് കട്ടകൾ പൊളിച്ചുനീക്കിയതെന്ന് അധികൃതർ പറഞ്ഞു.






