Karassery

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്; ക്വാറി അനുമതി; ഇടത്, വലത് മുന്നണികൾ പ്രതിഷേധ സമരം നടത്തി

കാരശ്ശേരി: കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കുന്നു. അനുമതി ഉടൻ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇരുമുന്നണികളും തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി.

യു.ഡി.എഫ്. ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി അനുമതി നൽകിയതുമായി ബന്ധപ്പെടുത്തി ഇരുമുന്നണികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. മാർച്ച് സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫും വെൽഫെയർ പാർട്ടിയും സംയുക്തമായി നടത്തിയ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ജിയോളജി വകുപ്പ് ഉരുൾപൊട്ടൽ സാധ്യതാപ്രദേശപ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രദേശമാണിതെന്നും പ്രതിഷേധം വകവെക്കാതെയാണ് ക്വാറി അനുവദിച്ചതെന്നും യു.ഡി.എഫ്, വെൽഫെയർ ഫാർട്ടി സംയുക്തയോഗം ആരോപിച്ചു.

കറുത്തപറമ്പിൽ ക്വാറിക്ക് അനുമതി ലഭിച്ച പ്രദേശം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പ്രദേശത്താണ് മാനദണ്ഡങ്ങൾ പാലിക്കാതെ ക്വാറിക്ക് ലൈസൻസ് നൽകിയതെന്ന് പ്രസിഡന്റ് പറഞ്ഞു. വിഷയം ചർച്ചചെയ്യുന്നതിന് അടിയന്തരബോർഡ്‌ യോഗം വിളിച്ചിട്ടുണ്ടെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. ക്വാറിയുടെ അനുമതി റദ്ദാക്കുന്നതുവരെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

അനുമതി നൽകിയത് കോടതി നിർദേശപ്രകാരം ക്വാറിക്ക് അനുമതി നൽകിയത് ഹൈക്കോടതി വിധി പരിഗണിച്ചാണെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ വിഷയം തീർപ്പാക്കണമെന്നായിരുന്നു കോടതി നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button