കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു; ഒരു സ്ഥാപനം കൂടി അടപ്പിച്ചു

കൂടരഞ്ഞി: തുടർച്ചയായ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിന്റെ പരിശോധന… കൂടരഞ്ഞിയിൽ 37 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രണയ ബേക്കറി & കൂൾ ബാർ എന്ന സ്ഥാപനം അടച്ചിടുവാൻ നിർദേശിച്ചു.
നിയമ നടപടികളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ജ്യൂസ് നിർമാണത്തിനായി തയ്യാറാക്കിയ 6.5 കിലോ ചീഞ്ഞ പഴങ്ങളും, നിർമാണ തീയതി, ഉപയോഗ തീയതി, കമ്പനി പേര് എന്നിവ രേഖപ്പെടുത്താത്ത 17 കിലോ ബേക്കറി സാധനങ്ങളും പരിശോധനയിൽ കണ്ടെത്തി.
ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐ മാരായ ജെസ്റ്റി ജി ജോസ്, സന്ദീപ്. കെ, സീമ. പി, ആധിഷ്. പി എന്നിവരാണ് പരിശോധന നടത്തിയത്.
ആരോഗ്യ നിയമങ്ങൾ പാലിക്കാതെയും, പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾ ക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പുതിയ പൊതുജനാരോഗ്യ ഓർഡിനൻസ് പ്രകാരം താമസത്തിനുള്ള വീടൊഴികെ മുഴുവൻ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിൽ നിന്നും സാനിറ്ററി സർട്ടിഫിക്കറ്റ് എടുക്കണമെന്നും, വിവാഹം ഉൾപ്പെടെ യുള്ള ചടങ്ങുകൾ ആരോഗ്യ വകുപ്പിനെ 7 ദിവസം മുൻപ് അറിയിക്കണമെന്നും പ്രാദേശിക പൊതുജനാരോഗ്യ അധികാരി ആയ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ. കെ.വി അറിയിച്ചു.