അപകടകാരണം ജാക്കി പ്രവർത്തിക്കാതിരുന്നത്, നിർമാണത്തിൽ അപാകതയില്ല: യുഎൽസിസിഎസ്

മുക്കം: നിർമാണം പുരോഗമിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചെരിയാൻ കാരണം ഹൈഡ്രോളിക് ജാക്കികളിൽ ഒന്നിന്റെ തകരാറാണെന്നു പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) അധികൃതർ അറിയിച്ചു. നിർമാണത്തിൽ തകരാറുകളോ അശ്രദ്ധയോ സംഭവിച്ചിട്ടില്ല.
ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാറാണു പ്രശ്നമായത്. മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കുന്നത് ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയർത്തി നിർത്തും. എന്നിട്ട് അതിനടിയിൽ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്ട്രെസ്സിങ്ങും ചെയ്യും. അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളിൽ ഉറപ്പിക്കുന്നതാണു രീതി. ജാക്കികൾ ഉപയോഗിച്ചാണ് ഒരു ബീം ഉയർത്തിനിർത്തുന്നത്. ഇവ ഉപയോഗിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും.
ഇതനുസരിച്ച് ഉയർത്തിനിർത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിർത്തിയിരുന്ന ജാക്കികളിൽ ഒന്ന് പ്രവർത്തിച്ചില്ല. മാനുഷികമോ നിർമാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും യുഎൽസിസി അറിയിച്ചു.