മുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽനിർമാണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും വ്യാപാരികൾക്കും നാട്ടുകാർക്കും തീരാദുരിതമാകുന്നു. തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ അഗസ്ത്യൻമുഴിയിലും മുക്കത്തും റോഡരികിലെ കടകളിൽ വെള്ളംകയറി. നവീകരിക്കുമ്പോൾ പലയിടത്തും റോഡുകൾ ഉയർത്തിയതോടെ പാതയോരത്തെ വ്യാപാരസ്ഥാപനങ്ങൾ താഴ്ചയിലായി.
മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഓവുചാലില്ലാത്തതിനാൽ കടകളിലേക്ക് കയറുകയായിരുന്നു. മുക്കം ക്രിസ്ത്യൻപള്ളിക്കു സമീപം സ്റ്റിക്കർവർക്ക് നടത്തിയിരുന്ന ശ്രീകേഷിന്റെ കടയിൽ വെള്ളംകയറി കംപ്യൂട്ടറും ബാറ്ററിയും ഉൾപ്പെടെയുള്ള ഉപകരണങ്ങളും സ്റ്റിക്കറും നശിച്ചു. കടയുടെ നിലത്താകെ ചെളിനിറഞ്ഞു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ശ്രീകേഷ് പറയുന്നു.
അഗസ്ത്യൻമുഴി- ഓമശ്ശേരി റോഡരികിൽ പച്ചക്കറിക്കട നടത്തുന്ന കുട്ടന്റെകടയിലും വെള്ളം കയറി. പച്ചക്കറികൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ നശിച്ചില്ല. ഇവിടെ റോഡ് ഉയർത്തി ടാർചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഓവുചാൽ നിർമിച്ചിട്ടില്ല.
സമീപപ്രദേശങ്ങളിലെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കാത്തതാണ് വിനയായത്. പരാതിപ്പെട്ടതിനെത്തുടർന്ന് കരാറുകാർ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴുക്കിവിട്ടു.
മഴ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ വെള്ളക്കെട്ട് എങ്ങനെ ഒഴിവാക്കുമെന്ന ആലോചനയിലാണ് വ്യാപാരികളും നാട്ടുകാരും. കടയ്ക്കുമുന്നിൽ വെള്ളം നിറഞ്ഞതോടെ ആളുകൾ കടയിൽ കയറാതായതായും വ്യാപാരം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു.
മുക്കം പോലീസ് സ്റ്റേഷനു സമീപത്തെ കല്ലൂർക്ഷേത്രം റോഡിൽ ഓവുചാൽ നിർമിച്ചതിലും അശാസ്ത്രീയതയുണ്ട്. പലയിടത്തും പല ഉയരത്തിലാണ് ഓവുചാൽ. താഴെഭാഗത്ത് ഉയർന്ന നിരപ്പിൽ ഓവുചാൽ സ്ഥാപിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു.
വിടെ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലയിടത്തും പല ഉയരത്തിലാണ് ഓവുചാലുകൾ നിർമിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഓവുചാലുകൾ കൂട്ടിയോജിപ്പിച്ചിട്ടില്ല. ഇവിടങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം