വിദ്യാർഥികൾ വിപണിയൊരുക്കി; വിറ്റഴിച്ചത് ഭിന്നശേഷിക്കാർ നിർമിച്ച നൂറോളം കുടകൾ

മുക്കം : ഭിന്നശേഷിക്കാർ നിർമിച്ച കുടകൾക്ക് വിപണി കണ്ടെത്താൻ എൻ.എസ്.എസ്. വൊളന്റിയർമാർ സ്കൂളിൽ ഒരുക്കിയ സ്റ്റാളിലൂടെ വിറ്റഴിച്ചത് നൂറോളം കുടകൾ.
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറിയിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് കാരുണ്യത്തിന്റെ പുതിയ മാതൃകയായത്. ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാവാൻ എൻ.എസ്.എസ്. നടപ്പാക്കുന്ന പ്രഭാ പദ്ധതിയുടെ ഭാഗമായാണ് സ്നേഹക്കുടകൾക്ക് വിപണിയൊരുക്കിയത്.
പ്രഭാ പദ്ധതിയുടെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ക്ലസ്റ്റർ കോ – ഓഡിനേറ്റർ സില്ലി ബി. കൃഷ്ണൻ ഭിന്നശേഷിക്കാരനായ മുഹമ്മദലിയിൽനിന്ന് കുടകൾ വാങ്ങി നിർവഹിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും കുടകൾ വാങ്ങി ഭിന്നശേഷിക്കാരുടെ സംരംഭത്തെ ചേർത്തുപിടിച്ചു.
സ്കൂൾ തുറന്ന് ജൂൺ ആദ്യവാരത്തിൽ ഒരുദിവസംകൂടി സ്കൂളിൽ കുടകളുടെ സ്റ്റാളൊരുക്കും.ഭിന്നശേഷിക്കാരായ മുഹമ്മദലി, ഷമീർ ചേന്ദമംഗല്ലൂർ, ഷരീഫ് എന്നിവരാണ് കുടകൾ നിർമിച്ച് വിപണി തേടുന്നത്. കുടയും പേനകളും നിർമിച്ച് വിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. വീടുകൾ കേന്ദ്രീകരിച്ചാണ് ഇവർ കുടകൾ നിർമിക്കുന്നത്. ത്രീഫോൾഡ്, ടൂ ഫോൾഡ്, കുട്ടികളുടെ കുട, കാലൻ കുട എന്നിവയെല്ലാം ഇവർ നിർമിക്കുന്നുണ്ട്.