ആവേശമായി യു.ഡി.എഫിന്റെ വിജയഹ്ലാദയാത്ര

മുക്കം : പത്തുവർഷത്തിനുശേഷം യു.ഡി.എഫ്. തിരിച്ചുപിടിച്ച തിരുവമ്പാടി നിയോജകമണ്ഡലത്തിൽ സി.കെ. കാസിമിന്റെ വിജയഹ്ലാദയാത്ര ആവേശമാക്കി യു.ഡി.എഫ്. പ്രവർത്തകർ. വോട്ടർമാർക്ക് നന്ദിപറഞ്ഞും കൈവീശി അഭിവാദ്യംചെയ്തും നിയുക്ത എം.എൽ.എ. സി.കെ. കാസിം മണ്ഡലത്തിലുടനീളം തുറന്നവാഹനത്തിൽ യാത്രനടത്തി. പ്രവർത്തകരുടെ അണപൊട്ടിയുള്ള മുദ്രാവാക്യംവിളികളും ഡി.ജെ.യും റോഡ്ഷോയെ ആവേശമാക്കി. പാർട്ടിപ്പതാകകൾ വാനിൽപാറിച്ചും പാരഡിപ്പാട്ടുകൾക്ക് ചുവടുവെച്ചും പ്രവർത്തകർ ഓരോ നിമിഷവും ആഘോഷമാക്കി. ഡി.ജെ. ഗാനങ്ങളുടെ താളങ്ങൾക്ക് കുട്ടികളും സ്ത്രീകളും ചുവടുവെച്ചപ്പോൾ കാഴ്ചക്കാരിൽ ആവേശം അലതല്ലി. വിജയഹ്ലാദയാത്രയിൽ നൂറ്ുകണക്കിന് പ്രവർത്തകർ പങ്കാളികളായി.
പുതുപ്പാടി പഞ്ചായത്തിന്റെ അതിർത്തിയായ പെരുമ്പള്ളിയിൽനിന്നാരംഭിച്ച് ഈങ്ങാപ്പുഴ, അടിവാരം, നൂറാംതോട്, കണ്ണോത്ത്, കോടഞ്ചേരി, പുല്ലൂരാംപാറ, തിരുവമ്പാടി, കൂടരഞ്ഞി, കാരമൂല, നെല്ലിക്കാപറമ്പ്, എരഞ്ഞിമാവ്, പന്നിക്കോട്, കൊടിയത്തൂർ വഴി യാത്ര മുക്കത്ത് സമാപിച്ചു. മുഴുവൻ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെപ്പേരാണ് എത്തിയിരുന്നത്. യു.ഡി.എഫ്. നേതാക്കളായ ബാബു പൈക്കാട്ടിൽ,വി.കെ. ഹുസൈൻകുട്ടി, ഷിനോയ് അടയ്ക്കാപാറ, പി.ജി. മുഹമ്മദ്, കെ.ടി. മൻസൂർ, ബി.പി. റഷീദ്, എം. സിറാജുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.







