Kodanchery

റോഡ് പ്രവൃത്തി കാരണം കോടഞ്ചേരി കണ്ണോത്ത് പ്രദേശവാസികള്‍ തീരാ ദുരിതത്തില്‍

കോടഞ്ചേരി: റോഡ് പ്രവൃത്തി കാരണം കോടഞ്ചേരി കണ്ണോത്ത് പ്രദേശവാസികള്‍ തീരാ ദുരിതത്തില്‍. ഇവിടേക്കുള്ള എല്ലാ റോഡുകളും ചെളിക്കുളമായി മാറിയതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രവൃത്തി നടത്തിയിരുന്ന കമ്പനിയെ പുറത്താക്കിയതിനാല്‍ ദുരിതം എന്ന് തീരുമെന്ന ആശങ്കയിലാണിവര്‍.

കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് പ്രദേശത്തേക്കുള്ള റോഡാണിത്. ദേശീയപാതയില്‍ ഈങ്ങാപ്പുഴയില്‍ നിന്ന് ആരംഭിച്ച് കണ്ണോത്ത് വഴി കോടഞ്ചേരിയിലെത്തുന്ന റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നര വര്‍ഷം പിന്നിടുന്നു. ആറ് കിലോമീറ്റര്‍ റോഡ് നവീകരണത്തിന് ഏഴ് കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യം ഒന്‍പത് മാസം കാലാവധിയാണ് അനുവദിച്ചത്. പിന്നീട് എട്ട് മാസം കൂടി നീട്ടി കൊടുത്തു. എന്നാല്‍ മൂന്നര വര്‍ഷം പിന്നിടുമ്പോഴും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. റോഡ് ചളിക്കുളമായതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും വലിയ പ്രയാസത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ദുരിതത്തിലായ വ്യാപാരികള്‍ക്ക് റോഡിന്റെ ശോചനീയാവസ്ഥ കടുത്ത ആഘാദമാണ് ഏല്‍പ്പിച്ചത്.

കാല്‍നട യാത്ര പോലും സാധ്യമല്ല. കണ്ണോത്ത് പ്രദേശത്തുള്ളവര്‍ക്ക് പുറം ലോകത്തെത്താന്‍ ആശ്രയിക്കാവുന്ന കൈതപ്പൊയില്‍ അഗസ്ത്യന്‍മുഴി റോഡും, കൈപ്പുറം കണ്ണോത്ത് റോഡുമെല്ലാം കൊത്തിപ്പൊളിച്ചിട്ട് വര്‍ഷങ്ങളായി. പ്രവൃത്തി നടത്തിയിരുന്ന നാഥ് കണ്‍സ്ട്രഷന്‍ കമ്പനിയെ അവസാനം ടെര്‍മിനേറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തിലേറെയായി പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസം എന്ന് തീരുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. വീണ്ടും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി പൂര്‍ത്തിയാക്കുംവരെ ദുരിതക്കയത്തില്‍ കഴിയുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

Related Articles

Leave a Reply

Back to top button