Mukkam

‘തൊപ്പിക്കുട’കളെ കൈവിടാതെ കാത്ത് ചാത്തുക്കുട്ടി

മുക്കം: അന്യം നി‍ൽക്കുന്ന ‘തൊപ്പിക്കുട’കളുടെ ‘സംരക്ഷക’നായി മാറുകയാണ് എഴുപതുകാരനായ കൊടിയത്തൂർ കളത്തിങ്ങൽ കോട്ടമ്മൽ ചാത്തുക്കുട്ടി. ഗ്രാമീണ മേഖലകളിൽ കർഷകർ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുവന്നിരുന്ന പനയോലകൾ കൊണ്ടു നിർമിച്ചിരുന്ന തൊപ്പിക്കുടകൾ (തലക്കുട) ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. വയലേലകളിലും മറ്റു കൃഷിയിടങ്ങളിലും തൊപ്പിക്കുടകൾ വ്യാപകമായിരുന്ന കാലമുണ്ടായിരുന്നു. പഴമക്കാർ കുടയ്ക്കു പകരമായും തൊപ്പിക്കുടകൾ ധരിച്ചിരുന്നു.

3 പതിറ്റാണ്ടിലേറെക്കാലയമായി ചാത്തുക്കുട്ടി തൊപ്പിക്കുടകൾ നിർമിച്ച് വിൽപന നടത്താൻ തുടങ്ങിയിട്ട്. ഇന്നും തുടരുകയാണ്. പനയോല ക്ഷാമം നിർമാണത്തിന് തടസ്സം സ‍ൃഷ്ടിക്കുന്നതായി ചാത്തുകുട്ടി പറയുന്നു.തൊപ്പിക്കുടകൾക്കു പുറമേ മാവേലിക്കുടകളും ഡാൻസ് കുടകളും പനയോല ഉപയോഗിച്ച് നിർമിക്കുന്നു. ഇതിന് നല്ല ഡിമാൻഡ് ആണ്. ഡാൻസ് കുടകളും മാവേലിക്കുടകളും വാടകയ്ക്കു നൽകുന്നതിനായി ചിലർ ഉണ്ടാക്കിക്കുന്നതായി ചാത്തുക്കുട്ടി പറയുന്നു. 2 കുടകൾ വരെ ദിവസവും നിർമിക്കും. 300 രൂപയാണ് ഒരു കുടയ്ക്ക് ഈടാക്കുന്നത്. 

മുക്കത്ത് ബസ് സ്റ്റാൻഡിനടുത്ത് മല്ലശ്ശേരി കടയ്ക്കു സമീപം കുട നിർമാണത്തിനും വിൽപനയ്ക്കും കടയുടമ സൈനുദ്ദീൻ സഹായം ചെയ്യുന്നത് അനുഗ്രഹമാണെന്ന് ചാത്തുകുട്ടി നന്ദിയോടെ പറയുന്നു. കോവിഡ് വ്യാപനം മൂലം കഴി‍ഞ്ഞ വർഷങ്ങളിൽ തൊപ്പിക്കുട നിർമാണവും വിൽപനയും കുറവായിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചതായും ചാത്തുക്കുട്ടി പറയുന്നു.

Related Articles

Leave a Reply

Back to top button