കണ്ണോത്ത് കൈപ്പുറം ജംക്‌ഷനിലെ വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോടഞ്ചേരി : കൈതപ്പൊയിൽ- അഗസ്ത്യൻമൂഴി റോഡിൽ കണ്ണോത്ത് കൈപ്പുറം ജംക്‌ഷനിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിർമാണം മുടങ്ങിക്കിടക്കുന്ന കൈതപ്പൊയിൽ-കോടഞ്ചേരി- തിരുവമ്പാടി- അഗസ്ത്യൻമൂഴി റോഡിൽ കണ്ണോത്ത് കയറ്റത്തിൽ കൈപ്പുറം റോഡിലേക്ക് വാഹനങ്ങൾക്കു പോകാൻ പറ്റാത്ത വിധം വഴിമുടക്കിയായി വൈദ്യുത പോസ്റ്റ് നിൽക്കുകയാണ്. ഇതുമൂലം വലിയ വാഹനങ്ങളൊന്നും ഇതുവഴി പോകാതായി.
കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡ് നവീകരണ പ്രവൃത്തിയിലെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള പണം കിഫ്ബി ബന്ധപ്പെട്ട വകുപ്പിനു റോഡ് പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുള്ളതാണ്. റോഡിന്റെ ലെവൽസ് പൂർത്തിയാക്കി മറ്റു വൈദ്യുത തൂണുകൾ എല്ലാം മാറ്റി സ്ഥാപിച്ചിട്ടും ഗതാഗതത്തിനു തടസ്സമായി നിൽക്കുന്ന ഈ വൈദ്യുത തൂൺ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തതിന് എതിരെ പ്രതിഷേധം ശക്തമാണ്.
വഴി മുടക്കി നിൽക്കുന്ന വൈദ്യുത തൂൺ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണോത്ത് എന്റെ നാട് ജനകീയ കൂട്ടായ്മ കെഎസ്ഇബി കോടഞ്ചേരി സെക്‌ഷൻ അസി. എൻജിനീയർക്കു പരാതി നൽകി.അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വകുപ്പ് മന്ത്രിക്കും മേൽ ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം ആരംഭിക്കുമെന്നും എന്റെ നാട് ജനകീയ കൂട്ടായ്മ പ്രസിഡന്റ് യു.ടി.ഷാജു പറഞ്ഞു.







