താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ; ഖബർ കുത്തുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

തിരുവമ്പാടി: തിരുവമ്പാടിയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞ തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്നയുടെ മരണത്തെ തുടർന്ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ ഖബർ കുഴിക്കുന്നതിനായി എത്തിയവരെ തടഞ്ഞതിനെ തുടർന്ന് സംഘർഷം.
വർഷങ്ങളായി അവകാശങ്ങളെ ചൊല്ലി തർക്കം നടക്കുന്ന തട്ടേക്കാട് ജുമാ മസ്ജിദിൽ അനുകൂലികളും, ഇതേ മസ്ജിദിനെ പേരിൽ പ്രവർത്തിക്കുന്ന 367/89 നമ്പർ സൊസൈറ്റി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. സംഘർഷത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായിയും, വർഷങ്ങളായി തുടരുന്ന അവകാശത്തർക്കമാണ് സംഘർഷത്തിന് കാരണം എന്നും നാട്ടുകാർ പറയുന്നു.
മഹല്ല് നിവാസികളുടെ അംഗീകാരമില്ലാതെ രൂപീകൃതമായ 367/89 നമ്പർ സൊസൈറ്റിയുമായി കാലങ്ങളായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതും ഇവ കോടതി പരിഗണനയിൽ ഉള്ളതുമാണ്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ നിരീക്ഷണത്തിലാണ് വൈകിട്ട് ശബ്നയുടെ മയ്യത്ത് ഖബറടക്കം നടന്നത്.







