Mukkam

മുക്കത്തെ പച്ചതേങ്ങ സംഭരണത്തിന് മികച്ച പ്രതികരണം

മുക്കം: നാളികേര വിലയിടിവു മൂലം ദുരിതത്തിലായ കേരകർഷകർക്ക് കൈതാങ്ങാവാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആരംഭിച്ച പച്ചതേങ്ങ സംഭരണത്തിന് മുക്കത്ത് മികച്ച പ്രതികരണം. പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം ജില്ലയിൽ ഒന്നാം സ്ഥാനം നേടികഴിഞ്ഞു. 30.7 ടൺ നാളികേരം ഇതിനകം ശേഖരിച്ചു.

മുക്കം നഗരസഭയിലെയും കാരശ്ശേരി പഞ്ചായത്തിലെയും കർഷകരും ചാത്തമംഗലം, തിരുവമ്പാടി, ഓമശ്ശേരി ഭാഗത്തു നിന്നുള്ളവരുമാണ് ഇവിടെ നാളികേരം നൽകുന്നത്. മുക്കം കൃഷിഭവനിലെ അസി.കൃഷി ഓഫീസർമാരായ അബ്ദുൾ കരീം, സുബ്രഹ്മണ്യൻ എന്നിവരാണ് നാളികേര സംഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ആദ്യ ദിവസങ്ങളിൽ നാളികേരം നൽകിയവർക്കുള്ള തുക അവരുടെ അക്കൗണ്ടിൽ നൽകിക്കഴിഞ്ഞെന്ന് കൃഷി ഓഫീസർ അറിയിച്ചു. കുറ്റിപ്പാലയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ മുഖേനയാണ് നാളികേരം ശേഖരിക്കുന്നത്. ഒരു കിലോ പച്ചതേങ്ങയ്ക്ക് 32 രൂപ നിരക്കിലാണ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സംഭരണം നടത്തുന്നത്.

ഭൂമിയുടെ നികുതി അടച്ച രസീത്, ആധാർ കാർഡ്, പാസ് ബുക്ക് എന്നിവയുടെ പകർപ്പുമായി കൃഷി ഭവനിൽ അപേക്ഷ നൽകുന്ന കർഷകർക്ക് പ്രതിവർഷം തെങ്ങൊന്നിന് ശരാശരി 50 തേങ്ങ വാർഷിക വിളവ് കണക്കാക്കി 6 തവണയായി തേങ്ങ നൽകാമെന്നും വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്നും കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button