അനധികൃത ഗ്യാസ് ഗോഡൗണിനെതിരേ നടപടിക്ക് നിർദേശം

തിരുവമ്പാടി : ലൈസൻസില്ലാതെ നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനെതിരേ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ്. ഹൈസ്കൂൾ റോഡിന് സമീപം പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗണിനെതിരേ കോടഞ്ചേരി ശാന്തിനഗർ സ്വദേശിനി നിഷ സുരേഷ് നൽകിയ പരാതിയിലാണ് തദ്ദേശസ്വയംഭരണവകുപ്പ് പ്ലാനിങ് ചീഫ് ടൗൺ പ്ലാനർ ഉത്തരവിട്ടത്. ജില്ലാ ടൗൺ പ്ലാനർ നടത്തിയ അന്വേഷണത്തിൽ ഗ്യാസ് ഗോഡൗണിന് ലൈസൻസില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ ചീഫ് ടൗൺ പ്ലാനർ ജില്ലാ ടൗൺ പ്ലാനർക്ക് നിർദേശം നൽകിയത്.
ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അന്തിമ അനുമതിയോ കംപ്ലീഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് ഗോഡൗൺ പ്രവർത്തിക്കുന്നതെന്ന തിരുവമ്പാടി സ്വദേശി ആനടിയിൽ സൈതലവിയുടെ പരാതിയിൽ ഏതാനുംമാസംമുമ്പ് കോഴിക്കോട് ഉത്തരമേഖല വിജിലൻസ് വിഭാഗവും പരിശോധനയ്ക്കെത്തിയിരുന്നു. ഗോഡൗൺ സ്ഥലം ഉടമയ്ക്ക് ആർ.ഡി.ഒ. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രവർത്തനം തുടർന്നുപോന്നു. ഇത് സംബന്ധിച്ച് കോടതിയിലും കേസുണ്ട്.
സ്ഥലം ഉടമ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് അനധികൃത തരംമാറ്റം നടത്തിയതിനെതിരേ, മണ്ണെടുത്തുമാറ്റി സ്ഥലം പൂർവസ്ഥിയിലാക്കാൻ നിർദേശിച്ച് സബ് കളക്ടർ നേരത്തേ താമരശ്ശേരി തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ബസ് സ്റ്റാൻഡിന് പിറകുവശത്തായി കൂടരഞ്ഞി റോഡിൽ ഒട്ടേറെസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജനവാസകേന്ദ്രത്തിലാണ് പത്തുവർഷത്തിലേറെയായി ഗോഡൗൺ പ്രവർത്തിക്കുന്നത്. അനുരാഗ് ഓഡിറ്റോറിയം, കെ.എസ്.ആർ.ടി.സി. ഗാരേജ്, ബിവറേജസ് മദ്യവിൽപ്പനശാല, എൻട്രൻസ് കോച്ചിങ് സെന്റർ, ലിസ ഹോസ്പിറ്റൽ, നഴ്‌സിങ് സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, മുസ്‌ലിം പള്ളി, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ തുടങ്ങി ഒട്ടേറെസ്ഥാപനങ്ങൾ പരിസരത്തുണ്ട്.
ഭാരത് ഗ്യാസ് ഗോഡൗണിന് രണ്ടുവർഷമായി ലൈസൻസ് പുതുക്കിനൽകിയില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മാതൃഭൂമിയോട് പ്രതികരിച്ചു. സ്ഥലം ഉടമ ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും ആർ.ഡി.ഒ. ക്ലിയറൻസുമായി ബന്ധപ്പെട്ട് അപേക്ഷ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നുവെന്ന് സെക്രട്ടറി വ്യക്തമാക്കി.







