അനന്തസാധ്യതകൾ തിരിച്ചറിഞ്ഞു; ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്

കൊടിയത്തൂർ : ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്. വൈവിധ്യംനിറഞ്ഞ രമണീയമായ ഭൂപ്രകൃതിയും അതിരിട്ടൊഴുകുന്ന ഇരുവഞ്ഞിയും ചാലിയാറും ഒരുക്കുന്ന വിസ്മയക്കാഴ്ചകളും ഏതുപ്രായക്കാർക്കും ഉല്ലാസത്തിനുതകുന്ന വിഭവങ്ങളും തിരിച്ചറിഞ്ഞാണ് പഞ്ചായത്ത് പുത്തൻ സംരംഭത്തിലേക്ക് കടക്കുന്നത്. ജല, ഉത്തരവാദിത്വ ടൂറിസത്തിനുള്ള സമഗ്ര പദ്ധതിയുമായാണ് കൊടിയത്തൂർ പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. ചാലിയാർ, ഇരുവഞ്ഞി തീരങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
വലിയതോതിൽ വരുമാനവും ധാരാളം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ ടൂറിസസാധ്യതകൾ സമഗ്രവിശകലനത്തിന് വിധേയമാക്കി പദ്ധതി തയ്യാറാക്കി. ഇത് വിപുലമായി നടപ്പാക്കാൻ സഹായമാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിലും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിവേദനം നൽകി.
ചാലിയാർ ചെറുവാടി തീരവും ഇരുവഞ്ഞിതീരത്ത് ബി.പി. മൊയ്തീന്റെ സ്മരണകളുറങ്ങുന്ന തെയ്യത്തുംകടവ് കേന്ദ്രീകരിച്ചുള്ള പദ്ധതിയുമാണ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ധാരാളം തീരങ്ങളും പൊതു സ്ഥലങ്ങളുമുള്ളതുകൊണ്ട് സ്ട്രിപ്പ് വാലി പ്രോജക്ടുകൾ ചെറുവാടി ഡെസ്റ്റിനേഷനിൽ ഏറെ ആകർഷണീയമാകും. ഇന്ത്യയിൽ ലഭ്യമായ നൂറിലധികം വർഗങ്ങളിലുള്ള മുളകളിൽ സാധ്യമാകുന്നത്ര ഇനങ്ങൾ പുഴക്കരകളിൽ വെച്ചുപിടിപ്പിച്ച് പ്രകൃതി രമണീയദൃശ്യം ഒരുക്കും. കണ്ടൽക്കാടുകളും ഒരുക്കും. ഈ പ്രവർത്തനം പത്ത് കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കാൻ സാധിക്കുന്ന തീരപ്രദേശങ്ങൾ ഇരുവഞ്ഞിക്കും ചാലിയാറിനുമുണ്ട്.







