മുത്തപ്പൻപുഴയിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യം ശക്തം

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം എന്ന ആവശ്യവുമായി പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ രംഗത്തുവന്നു.
മുത്തപ്പൻപുഴ ഹെൽത്ത് സെന്ററിന് പിറകിലായി താമസിക്കുന്ന ടോമി ചെമ്പകശ്ശേരിൽ, ജോസഫ് തുണ്ടത്തിൽ, ബിജു തുണ്ടത്തിൽ എന്നിവരുടെ കുടുംബങ്ങളാണ് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ഇത്തരം ഒരു ആവശ്യവുമായി രംഗത്തുവന്നത്.
മുൻപ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലത്തിന് അടുത്താണ് തങ്ങൾ താമസിക്കുന്നതെന്നും, ശക്തമായ മഴയും കാറ്റും ഉണ്ടായാൽ വീടിനുള്ളിൽ കഴിയാൻ ഭയമാണെന്നും, വീടിന്റെ മുകളിലായുള്ള പാറകൾ എപ്പോൾ വേണമെങ്കിലും അപകടം സൃഷ്ടിക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്നും ഇവർ പറയുന്നു.
എല്ലാ കാലവർഷത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളെ മാറ്റാറുണ്ടെന്നും എന്നാൽ ശാശ്വതമായ ഒരു പരിഹാരം തങ്ങൾക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും, ഈ കോവിഡ് കാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പോലും നടത്താൻ പറ്റാത്ത സാഹചര്യത്തിൽ തങ്ങൾ എന്ത് ചെയ്യമെന്നും ഇവർ ചോദിക്കുന്നു.
പല പദ്ധതികളും നടപ്പിലാക്കുമ്പോൾ തങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ കളക്ടർക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് എന്നും കുടുംബാംഗങ്ങൾ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.







