കെട്ടിട വാടക നികുതി വ്യാപാരികളിൽ അടിച്ചേൽപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം: കെട്ടിട വാടക നികുതി ബാധ്യത വ്യാപാരികളിൽ അടിച്ചേൽപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തിരുവമ്പാടി നിയോജക മണ്ഡലം നേതൃയോഗമാണ് അഭിപ്രായം മുന്നോട്ട് വെച്ചത്. കെട്ടിട ഉടമയോ, ഭൂവുടമയോ ജി.എസ്.ടി അടച്ചില്ലെങ്കിൽ, ആ നികുതിഭാരം രജിസ്ട്രേഷനുള്ള വ്യാപാരികളുടെ തലയിൽ കെട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ ശക്തമായി അഭിപ്രായപെട്ടു.
ഓൺലൈൻ വ്യാപാരം, വഴിയോരക്കച്ചവടം, കോർപ്പറേറ്റ് കുത്തകകളുടെ കടന്നു വരവ് എന്നിവ മൂലം ചെറുകിട വ്യാപാരികൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇനി വാടകയ്ക്ക് മേൽ 18 ശതമാനം അധിക നികുതി കൂടി വന്നാൽ കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ കച്ചവടം ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയും നേതാക്കൾ ഉന്നയിച്ചു.
കെ.വി.വി.ഇ.എസ്. ജില്ലാ ഉപാധ്യക്ഷൻ റഫീഖ് മാളിക് പരിപാടിഉദ്ഘാടനം ചെയ്തു . അടുത്ത മുപ്പതാം തീയതി വിപുലമായ നിയോജകമണ്ഡലം കൺവെൻഷൻ മുക്കം വ്യാപാരഭവനിൽ വച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.
തോട്ടത്തിൻകടവ് ഗ്രാമീൺ ബാങ്ക് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കപ്പിയേടത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് പൈമ്പിള്ളി, ജിൽസ് പെരിഞ്ചേരി, എം.റ്റി. അസ്ലം, അലി അക്ബർ, ബേബി വർഗീസ്, ഷെരീഫ് അമ്പലക്കണ്ടി, ജോൺസൺ വി.സി. എന്നിവർ സംസാരിച്ചു.







