മഴയിലും കാറ്റിലും കൊടിയത്തൂരിൽ വാഴക്കൃഷിക്ക് വൻനാശം

കൊടിയത്തൂർ : ഒരാഴ്ചയായി തുടരുന്ന കനത്തമഴയിലും കാറ്റിലും പെട്ട് കൊടിയത്തൂരിൽ വ്യാപകമായ കൃഷിനാശം. വാഴക്കൃഷിക്കാണ് ഏറ്റവുമധികം നാശം സംഭവിച്ചിരിക്കുന്നത്. താഴ്ന്നനിരപ്പിലുള്ള കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. ഇതുമൂലം പതിനായിരക്കണക്കിന് വാഴകൾ ഇപ്പോഴും വെള്ളത്തിലാണ്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്കുകളിൽനിന്ന് വായ്പവാങ്ങിയും കൃഷിചെയ്തുവരുന്ന കർഷകരാണ് അധികവും. കുലച്ച് വിളവെടുക്കാറായ വാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. ഇത് കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണ്.
ജില്ലാ കൃഷി ഓഫീസിൽനിന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ്, കുന്ദമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവിദ്യ, കൃഷി അസിസ്റ്റന്റ് ബീന എന്നിവർ നാശംനേരിട്ട കൃഷിയിടങ്ങൾ സന്ദർശിച്ചു. കർഷകരായ വി.സി. സദാനന്ദൻ, സി.പി. അബ്ദുൽ ഹമീദ്, എം.സി. അബൂബക്കർ, കെ.കെ.സി. അബ്ദുറഹിമാൻ, എ.പി. അലി, വി.സി. ബാബു, കെ. മജീദ്, കെ. അലവി, ടി.ടി. മുഹമ്മദ്, എം.സി. അനസ് തുടങ്ങിയവരുടെ വാഴത്തോട്ടങ്ങൾ സന്ദർശിച്ച് കൃഷിനാശം വിലയിരുത്തി. കൃഷിനാശം സംഭവിച്ച കർഷകർ എയിംസ് പോർട്ടൽ (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം) മുഖേന അപേക്ഷകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.







