തീപിടിച്ച ആ സിലണ്ടർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചായേനെ-മുക്കം അഗ്നിരക്ഷാസേന നടത്തിയത് അവസരോചിതമായ ഇടപെടൽ

മുക്കം: എൻ.ഐ.ടി. സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ തീപിടിച്ച മുറിയിലെത്തിയ മുക്കം അഗ്നിരക്ഷാസേന നടത്തിയത് അവസരോചിതമായ ഇടപെടൽ. തീപിടിച്ച ആ ഗ്യാസ് സിലിൻഡർ മാറ്റിയില്ലെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നെന്നാണ് അസിസ്‌റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.സി. മനോജ് പറയുന്നത്.
തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയാണ് വ്യാഴാഴ്ച പുലർച്ചെ നാലിന് ക്വാർട്ടേഴ്‌സിന് തീപിടിച്ചെന്ന വിവരമറിയിക്കുന്നത്. ഉടനെ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്ക് കുതിച്ചു. ക്വാർട്ടേഴ്‌സിനു മുന്നിലെത്തിയപ്പോൾ നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ആളുകളെയാണ് കണ്ടത്. ആർക്കും ഒന്നുംചെയ്യാൻ കഴിയുന്നില്ല. വീടിന്റെ മുൻവശം തുറന്നുകിടക്കുകയാണ്. സേനാംഗങ്ങൾ അതിലൂടെ അകത്തുകയറി. ലിവിങ് മുറിയിലെ ദിവാൻകോട്ടിനുതാഴെയാണ് അജയകുമാർ പൊള്ളലേറ്റ് കിടക്കുന്നത്. തൊട്ടടുത്ത മുറിയിലെ കിടക്കയിൽ ഭാര്യ ലീന ചലനമറ്റുകിടക്കുന്നു. ഇവർക്ക് ഭാഗികമായാണ് പൊള്ളലേറ്റത്. കിടക്കയ്ക്കും തീപിടിച്ചിട്ടുണ്ട്. ഉടനെ ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
അജയകുമാറിന് നേരിയ ചലനമുണ്ടായിരുന്നതായി മനോജ് ഓർക്കുന്നു. അടുക്കളയ്ക്ക് തീപിടിച്ചിരുന്നില്ല. എന്നാൽ, ഇതിനു സമീപത്തെ ഗ്യാസ് സിലിൻഡർ ചോർന്ന് തീപിടിച്ച് പൊട്ടാറായ അവസ്ഥയിലായിരുന്നു. ഉടനെ സിലിൻഡർ പുറത്തേക്ക് മാറ്റുകയായിരുന്നു. ഇത് മാറ്റിയില്ലായിരുന്നെങ്കിൽ പൊട്ടിത്തെറിച്ച് അടുത്ത ക്വാർട്ടേഴ്‌സിനും തീപിടിച്ച് അപകടം വലുതാകുമായിരുന്നു. പോർച്ചിൽ നിർത്തിയിട്ട കാറിന്റെ ചില്ലുതകർത്തശേഷം മാറ്റിയിട്ട് അപകടസാധ്യത ഒഴിവാക്കി.മൂന്നുമുറികളും അവയ്ക്കുള്ളിലെ ഫർണിച്ചറും ഇലക്‌ട്രിക് സാധനങ്ങളുമെല്ലാം കത്തിനശിച്ചു.
ഫയർഓഫീസർമാരായ കെ. നാസർ, ഷൈബിൻ, അബ്ദുൾജലീൽ, നിയാസ്, അജേഷ്, സിനീഷ് ചെറിയാൻ, ഷഞ്ജു, ചാക്കോ ജോസഫ്, വിജയകുമാർ, കെ.പി. അമീറുദ്ദീൻ എന്നിവരാണ് മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസംഘത്തിലുണ്ടായിരുന്നത്. വെള്ളിമാടുകുന്നിൽനിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു







