Mukkam

മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഏഴാംവാർഡ് ഉദ്ഘാടനം ചെയ്തു

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിച്ചു.

40 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡ് നവീകരണം പൂർത്തീകരിച്ചത്. നിർമാണ പ്രവർത്തനത്തിനായി ആറുമാസത്തോളം അടച്ചിട്ട വാർഡാണ് ആധുനിക സൗകര്യങ്ങൾ ഒരുക്കി തുറന്നുകൊടുത്തത്. 27 കട്ടിലുകൾ, പാമ്പുകടിയേറ്റാൽ ചികിത്സിക്കുന്ന അഞ്ചുകിടക്കകളുള്ള ഐ.സി.യു, അത്യന്താധുനിക ഉപകരണങ്ങളുള്ള ഓക്സിജൻ ട്രോളി, ക്ളാസ് റൂം, ശുദ്ധീകരിച്ച തണുത്തതും ചൂടുള്ളതുമായ വെള്ളം, പേസിങ്‌ സൗകര്യമുള്ള ഡെഫിബ്രിലേറ്റർ തുടങ്ങിയവ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾക്ക് കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിനായി ആരോഗ്യവകുപ്പുമന്ത്രിയുമായി സംസാരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലുള്ള മാസ്റ്റർപ്ലാനും ചർച്ചയുടെ ഭാഗമാക്കുമെന്നും ജീവനക്കാരുടെ കുറവ് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പ്രവർത്തന കാലയളവിൽ നിരവധി പദ്ധതികളാണ് തിരുവമ്പാടി മണ്ഡലത്തിൽ എം.എൽ.എ നടപ്പിലാക്കിയിട്ടുള്ളത്. മണ്ഡലത്തിന് പുറത്തുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം നൽകിയപ്പോൾ ജോർജ് എം തോമസ് എംഎൽഎയുടെ പ്രവർത്തന മികവിന് ഒരു പൊൻതൂവൽ ആണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു.

Related Articles

Leave a Reply

Back to top button