Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു

മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3 വയസ്സുള്ള പശുവാണ് വീടിനോട് ചേർന്നുള്ള പറമ്പിലെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കിണറ്റിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഒാഫീസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വൈ.പി ശറഫുദ്ദീൻ കിണറ്റിലിറങ്ങുകയും, റെസ്ക്യൂ ബെൽറ്റ്, റോപ്പ്, റെസ്ക്യു ഹാർനസ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ കിണറ്റിൽനിന്ന് വലിച്ചു കയറ്റുകയായിരുന്നു.






