വിജയോത്സവ് 2022 സംഘടിപ്പിച്ചു

കോടഞ്ചേരി: എൽ.എസ്.എസ് ജേതാക്കളെയും, താമരശ്ശേരി ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും കോടഞ്ചേരി പഞ്ചായത്ത് കായിക മേളയിൽ രണ്ടാം സ്ഥാനവും താമരശ്ശേരി ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനവും നടത്തിയ മുറമ്പാത്തി ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികളെയും പി.റ്റി.എ, എം.പി.റ്റി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലപ്പുറം ജില്ലാ റിട്ട. ഡി.ഡി സഫറുള്ള മുഖ്യാതിഥി ആയിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കോടഞ്ചേരി ഗവ.കോളേജ് അധ്യാപകനുമായ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടിയായിരുന്ന സമയത്തെ സ്കൂൾ അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. മുഖ്യാതിഥിയായെത്തിയ സഫറുള്ള കുട്ടികൾക്ക് എങ്ങനെ പിന്തുണ നൽകാം എന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി സംവദിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർ ഷാജി മുട്ടത്ത്, പി.റ്റി.എ പ്രസിഡണ്ട് സിദ്ദിഖ്, മുൻ പി.റ്റി.എ പ്രസിഡണ്ട് ബിജു, ഹെഡ്മാസ്റ്റർ ബെന്നി, അധ്യാപകരായ അബ്ദുറഹിമാൻ, ബിന്ദു എന്നിവർ സംസാരിച്ചു. വിജയികളായ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. ചടങ്ങിൽ കേരളോൽസവത്തിൽ 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടിയ എം.പി.റ്റി.എ അംഗം ആശയെ ഉപഹാരം നൽകി ആദരിച്ചു. വിജയോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ബിരിയാണി നൽകിയിരുന്നു.







