ഉപഗ്രഹ സർവ്വെയിലൂടെ തയാറാക്കിയ ബഫർസോൺ മാപ്പിങ് അപാകതകൾ എത്രയും വേഗം പരിഹരിക്കണം; കോൺഗ്രസ്

തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല നിർണ്ണയിക്കുന്നതിന് സംസ്ഥാന സർക്കാർ കെ.എസ്.ആർ.ഇ.സി മുഖേന നടത്തിയ ഉപഗ്രഹ സർവ്വെയുടെ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതും അപൂർണ്ണവും അശാസ്ത്രീയവുമാണെന്നും ഇവയിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്നും കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. വീട്, ജനസംഖ്യാ വിവരങ്ങൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഓരോ വില്ലേജിലെയും ജനസംഖ്യ എന്നിവയെ ഉൾപ്പെട്ടതാവണം കരട് രേഖയെന്നിരിക്കെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതൊന്നും പൂർണ്ണമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളെപറ്റിയുള്ള വിവരങ്ങളിലടക്കം അപാകതകൾ ഏറെയുള്ള ഉപഗ്രഹ സർവേ റിപ്പോർട്ടിലെ വിഷയങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ ഫീൽഡ് സർവ്വെ നടത്തി ജനവാസ മേഖലകൾ നിർണ്ണയിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിൽ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വെ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചിട്ട് മൂന്ന് മാസക്കാലം പ്രസിദ്ധീകരിക്കാതെ വനം വകുപ്പ് പൂഴ്ത്തി വെച്ചതും ദുരൂഹമാണെന്ന് യോഗം ആരോപിച്ചു. ബഫർ സോണുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതൃയോഗം വ്യക്തമാക്കി.
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കൂമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന: സെക്രട്ടറി കെ.കെ അബ്രഹാം, കണ്ണൂർ ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, എം.ടി അഷ്റഫ്, പി.സി മാത്യു, അബ്ദു കൊയങ്ങോറൻ, വി.പി റഷീദ്, സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടുമല, ടോമി കൊന്നക്കൽ, അഷ്റഫ് കൊളക്കാടൻ, ടി.ടി സുലൈമാൻ, ചന്ദ്രൻ കപ്പിയേടത്ത്, ഇ.പി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാതിരിപ്പറമ്പൻ, ടോമി ഇല്ലിമൂട്ടിൽ, മുഹമ്മദ് ദിശാൽ, ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.







