ചെമ്പുകടവ് ഗവ: സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷം നടത്തി

ചെമ്പുകടവ്: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂൾ വിദ്യാർഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഇത്തവണ വേറിട്ട കാഴ്ചകൾ സമ്മാനിച്ചു. കരോൾ ഗാനങ്ങളും, കുട്ടി ക്രിസ്മസ് പപ്പമാരും ചേർന്ന് സ്കൂൾ പരിസരങ്ങളുള്ള വീടുകൾ സന്ദർശിച്ച് ക്രിസ്മസ് സന്ദേശങ്ങൾ നൽകിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓരോ വീടുകളും വിദ്യാർത്ഥികളെ സന്തോഷത്തോടുകൂടി വരവേറ്റു. തുടർന്ന് ചെമ്പുകടവ് അങ്ങാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് കരോൾ ഗാനങ്ങൾ പാടി. ചെമ്പുകടവ് അങ്ങാടിയിലെ ടി.ജെ സ്റ്റോർ ഉടമ സജി ടി.ജെയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മധുരം നൽകി. ഇതേതുടർന്ന് സ്കൂളിൽ വച്ച് വിദ്യാർഥികളുടെ ക്രിസ്മസ് കലാവിരുന്ന് നടന്നു.
പി.ടി.എ പ്രസിഡണ്ട് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് വിദ്യാർത്ഥികൾക്ക് ക്രിസ്മസ് സന്ദേശം നൽകി.







