Mukkam
കാരുണ്യത്തിന്റെ കൈത്താങ്ങായി കൊടിയത്തൂരിലെ ഓട്ടോ തൊഴിലാളികൾ

മുക്കം: കൊടിയത്തൂരിലെ ഓട്ടോ തൊഴിലാളികൾക്കു കാരുണ്യത്തിന്റെ കൈത്താങ്ങായി ഓടിക്കിട്ടിയത് 33,933 രൂപ. ജീവകാരുണ്യ പ്രവർത്തനത്തിനായി നടത്തിയ ഒരു ദിവസത്തെ ഓട്ടത്തിലാണ് ഇത്രയും തുക തൊഴിലാളികൾക്ക് സമാഹരിക്കാനായത്. കൊടിയത്തൂരിൽ നിന്ന് ഓട്ടോറിക്ഷകളിൽ കയറിയ എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവാൻ വേണ്ടി മാത്രം ഓട്ടോ യാത്ര നടത്തിയവരും ഏറെയാണ്.
ഒട്ടേറെപ്പേരാണ് ഓട്ടോ ചാർജിന്റെ ഇരട്ടിയും അതിലധികവും നൽകി ഉദ്യമത്തിൽ സഹായിച്ചത്. കടുത്ത കരൾ രോഗം മൂലം ദുരിതമനുഭവിക്കുന്ന പൂളക്കൽ മമ്മദ് കുട്ടിയുടെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിക്കുന്നതിനായിരുന്നു ഓട്ടോ തൊഴിലാളികളുടെ ഈ ഉദ്യമം.







