പുതുവത്സരാഘോഷത്തിന്റെ മറവിൽ നാട്ടുകാരെ കബളിപ്പിച്ച് ജനവാസ മേഖലയിൽ പാറ പൊട്ടിക്കൽ

മുക്കം: പുതുവർഷ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് മുതലെടുത്ത് നാട്ടുകാരെ കബളിപ്പിച്ച് ജനവാസ മേഖലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി പരാതി. കാരശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് ഗേറ്റ്-പാറത്തോട് റോഡിൽ മിൽമ ജംഗ്ഷൻ ബസ് സ്റ്റോപ്പിനൊടുചേർന്ന് നൗഫൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഞായറാഴ്ച അർധരാത്രി സ്ഫോടകവസ്തക്കളുപയോഗിച്ച് വൻതോതിൽ പാറ പൊട്ടിക്കൽ നടന്നത്.
പരിസരത്തെ വീടുകളിൽ ഉറങ്ങുന്നവർ സ്ഫോടന ശബ്ദം കേട്ട് ഉണർന്നപ്പോൾ പൊടിപടലം കാരണം ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. പ്രദേശത്തേക്ക് നാട്ടുകാർ എത്തിയപ്പോളേക്കും എല്ലാവരും കടന്നുകളയുകയും ചെയ്തു. ഇതേ സ്ഥലത്ത് മുമ്പും അനധികൃതമായി പാറ ഖനനം നടത്തുകയും കുന്നിടിച്ച് മണ്ണെടുത്ത് വയലിലടക്കം നിക്ഷേപിക്കുകയും പിന്നീട് പരാതിയെ തുടർന്ന് റവന്യു അധികൃതരും പഞ്ചായത്തധികാരികളും ഇടപെട്ട് തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു.






