ആപ്താ മിത്ര വോളണ്ടിയർമാർക്കുള്ള എമർജൻസി കിറ്റ് വിതരണം ചെയ്തു

മുക്കം: മുക്കം ഫയർ സ്റ്റേഷന് കീഴിലുള്ള ആപ്താ മിത്ര വോളണ്ടിയർമാർക്കുള്ള എമർജൻസി കിറ്റുകൾ വിതരണം ചെയ്തു. ഫയർ സ്റ്റേഷന് കീഴിൽ പരിശീലനം നേടിയ 57 വോളണ്ടിയർമാർക്കാണ് എമർജൻസി കിറ്റ് നൽകിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സംസ്ഥാനത്തുടനീളം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ ആപ്താ മിത്ര വോളണ്ടിയർമാരെ തെരെഞ്ഞെടുത്തത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിനായിരുന്നു പരിശീലന ചുമതല. വിവിധ ഘട്ടങ്ങളിലായി 12 ദിവസത്തെ പരിശീലനമാണ് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ഇവർക്കായി ഒരുക്കിയത്.
പരിശീലനം പൂർത്തിയാക്കിയ വോളണ്ടിയർമാർ അതത് ഫയർ സ്റ്റേഷൻ പരിധികളിൽ ദുരന്ത നിവാരണ – ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ലൈഫ് ജാക്കറ്റ്, ഹെൽമെറ്റ്, ഗ്ലൗസ്, റെയിൻകോട്ട്, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങി 13 ഇനം രക്ഷാ ഉപകരണങ്ങളാണ് എമർജൻസി കിറ്റിൽ ഉള്ളത്. പരിശീലനം പൂർത്തിയാക്കിയവർക്ക് തിരിച്ചറിയൽ കാർഡിനൊപ്പം ഇൻഷ്വറൻസ് പരിരക്ഷയും നടപ്പാക്കുന്നുണ്ട്. മുക്കം ഫയർ സ്റ്റേഷൻ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ കിറ്റ് വിതരണം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.







