എം.എസ്.എം കൊടിയത്തൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

കൊടിയത്തൂർ : നവലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥി – യുവതലമുറ ശരിയായ മൂല്യങ്ങളും തിരിച്ചറിവുകളും ഉൾക്കൊള്ളേണ്ടത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും തന്നെയണെന്ന് എം.എസ്.എം കൊടിയത്തൂർ മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ‘തിരിച്ചറിവുകളുടെ പുതു കാലം’ എന്ന പ്രമേയത്തിൽ നവംബർ 13 ,14 ,15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം എസ് എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർഥമാണ് സൗത്ത് കൊടിയത്തൂരിൽ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചത്.
ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന വഴിവിട്ട ചിന്തകൾക്കും മൂല്യച്യുതികൾക്കും പരിഹാരം വിശുദ്ധ ഖുർആനും തിരുനബി (സ) യുടെ സന്ദേശങ്ങളും ജീവിതത്തിൽ പകർത്തുക എന്നതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. നവമാധ്യമങ്ങളുടെയും ആധുനിക ആശയങ്ങളുടെയും ഒഴുക്കിൽ ലക്ഷ്യബോധം നഷ്ടപ്പെടാതെ സന്മാർഗ്ഗിക ബോധവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ യുവസമൂഹം തയ്യാറാകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. എം എസ് എം മണ്ഡലം പ്രസിഡന്റ് ഇർഫാൻ അലി അധ്യക്ഷ വഹിച്ചു.
കൊടിയത്തൂർ മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് എം അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ് ജില്ലാ സെക്രട്ടറി അമീൻ തിരുത്തിയാട്, ജില്ലാ ജോ. സെക്രട്ടറി ജിനാൻ ഒളവണ്ണ എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. കെ എൻ എം ജില്ലാ ജോ: സെക്രട്ടറി ഷബീർ കൊടിയത്തൂർ, കെ എൻ എം മണ്ഡലം സെക്രട്ടറി ഇ. ഹമീദ് മാസ്റ്റർ, എം അബ്ദുറഹ്മാൻ മദനി, എം.എസ്.എം മണ്ഡലം സെക്രട്ടറി അമർ സുഫിയാൻ, മണ്ഡലം ട്രഷറർ നിഹാൽ പാലാട്ട് എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടുംബ സംഗമങ്ങളും വിദ്യാർത്ഥി കൂട്ടായ്മകളും സംഘടിപ്പിക്കും.







