കോടഞ്ചേരിയിൽ ജി.ഐ.എസ് മാപ്പിംഗ് സർവേ പൂർത്തീകരിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ റോഡുകളും പൊതു സ്ഥാപനങ്ങളും ജി.ഐ.എസ് മാപ്പിംഗ് നടത്തി ആസ്തി രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിൽ 8 ലക്ഷം രൂപ വകയിരുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച സർവ്വേ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഡിജിറ്റലൈസ് ചേയ്ത രേഖകൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കും. ഡാറ്റയുടെ കൈമാറ്റം യു.എൽ.ടി.എസ് ഐ.ടി വിഭാഗം പ്രൊജക്റ്റ് മാനേജർ അനന്തു കൃഷ്ണയിൽ നിന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഏറ്റുവാങ്ങി. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അടുത്ത സാമ്പത്തിക വർഷം ഡ്രോൺ സർവ്വേ നടത്തി തോടുകളും പുഴകളും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുവാനും തുടർന്ന് മുഴുവൻ നിർമ്മിതികളും ജി.ഐ.എസ് മാപ്പിംഗ് നടത്തുവാനും ആവശ്യമായ നടപടികൾ ഭരണസമിതിയുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.







