മെഡിക്കൽ കോളേജിൽ ജീവനക്കാർ കുറവ് : വാർഡുകളിൽ ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരില്ലാതെ വാർഡ് ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി. ശുചീകരണ തൊഴിലാളികളിൽ പലരും കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ പോയതോടെയാണ് ജീവനക്കാരുടെ കുറവ് വന്നത്.
ക്വാറന്റീൻ കാലാവധി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ പുതിയ ജീവനക്കാരെ നിയമിക്കാനും സാധ്യതയില്ല. 40-ഓളം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. രണ്ട് വാർഡുകളിലേക്ക് ഒരു നഴ്സിങ് അസിസ്റ്റന്റാണ് ഡ്യൂട്ടിയെടുക്കുന്നത്. പ്രാഥമികമായ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ജീവനക്കാരുടെ കുറവ് നികത്തണമെന്നും ജീവനക്കാർ പറഞ്ഞു.
ഡ്യൂട്ടി സമയം 12 മണിക്കൂറാക്കി
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ നഴ്സിങ് സ്റ്റാഫിന്റേതടക്കം ജീവനക്കാരുടെ ഡ്യൂട്ടി സമയം 12 മണിക്കൂറായി വർധിപ്പിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് പുതുക്കിയ ഡ്യൂട്ടിസമയം. യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വടകര, തൊട്ടിൽപ്പാലം, തിരുവമ്പാടി, കോടഞ്ചേരി, അടിവാരം, താമരശ്ശേരി എന്നിവിടങ്ങളിൽനിന്ന് മെഡിക്കൽ കോളേജിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും.






