കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികവും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സി.ലിസമ്മ, നിർമ്മല ജോസഫ്, ഡെയ്സി പി.എ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തുകയും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗവും ഹെഡ് മാസ്റ്റർ വിജോയ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പഠനം, കല, കായികം തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾകൾക്ക് ചടങ്ങിൽ മെമന്റോ വിതരണം ചെയ്തു. കേരള സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം നേടിയ കായിക താരങ്ങൾക്ക് പരീശീലനം നല്കിയ കായികാധ്യാപകൻ അനൂപ് ജോസിനെയും കോടഞ്ചേരി ഹാൻഡ് ബോൾ അക്കാദമി പരിശീലകൻ ഷാജി ജോൺ പുതിയേടത്തിനെയും മെമന്റോ നല്കി ആദരിച്ചു. പൊതുസമ്മേളനത്തിന ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.







