India

ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ സംയമനം പാലിക്കണം, സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷം ആളിക്കത്തുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

അക്രമാസക്തമായ മേഖലയില്‍ എത്രയും പെട്ടന്ന് സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. സമാധാനവും ഐക്യവും ആണ് നമ്മുടെ മൂല്യങ്ങളെന്നും ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ പോലീസും മറ്റു ഏജന്‍സികളും രംഗത്തുണ്ടെന്നും മോഡി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ശക്തമായ പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 185 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പലയിടങ്ങളിലും സംഘര്‍ഷത്തിന് അയവുണ്ടെങ്കിലും ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമ സമയത്ത് പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. അക്രമികളുടെ കൂടെ ആള്‍ക്കൂട്ടത്തിലേക്ക് പോലീസ് കല്ലെറിയുന്ന ദൃശ്യങ്ങളുള്‍പ്പടെ നേരത്തെ പുറത്തുവന്നിരുന്നു.

Related Articles

Leave a Reply

Back to top button